പുണ്യമാസത്തിലെ വ്രതദിനങ്ങള്‍ക്ക് ശേഷം ഇന്ന് ഈദുല്‍ഫിത്തര്‍. വിശുദ്ധ റംസാനിലെ നോമ്പിന്റെ പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇന്ന് നാം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് എന്ന മഹാമാരിക്കിടയിലാണ് റമദാന് വ്രതങ്ങളും ചെറിയ പെരുന്നാളുമൊക്കെ കടന്നു പോകുന്നത്. ഈദ് ഗാഹുകളിലും , പള്ളിയങ്കണങ്ങളിലും ഒരുമിച്ചുകൂടി സന്തോഷം പങ്കിടാന്‍ ഇന്ന് നമുക്ക് കഴിയില്ല. മാനസികമായി ചേര്‍ന്നു നിന്നുകൊണ്ട് ശാരീരികമായി അകന്നു നില്‍ക്കുകയാണ് ഇന്നത്തെ കര്‍ത്തവ്യം. ചെറിയപെരുന്നാള്‍ ആഘോഷത്തിനിടയില്‍ ഇത് മറന്നുപോകരുത്. നിസ്കാരചടങ്ങുകള് വീടുകളില്‍ ആക്കണമെന്ന നിര്‍ദ്ദേശം നാം അനുസരിക്കേണ്ടതുണ്ട്. കൊവിഡും പേമാരിയും നമ്മെ അലട്ടുകയാണ്.
ഇതിനെ മറികടന്നുകൊണ്ട് നമുക്ക് ജീവിതത്തെ മുന്നോട്ട് നയിക്കാം. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നമുക്കുചുറ്റുമുള്ളവരെ സഹായിക്കാന്‍ ഈ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രത്യേക കര്‍ത്തവ്യമുണ്ട്. സാമ്പത്തികമായി തകര്‍ന്നവരുണ്ട്. മാനസികമായി ക്ഷീണിച്ചവരുണ്ട്. ആരോഗ്യപരമായി ബുദ്ധിമുട്ടുകളനുഭവിക്കുന്നവരുണ്ട് ഇവര്‍ക്കൊക്കെ സഹായം നല്കാന്, അവരെ ചേര്‍ത്തുപിടിക്കാന്‍ ഈ പുണ്യദിനത്തെ നമുക്ക് ഉപയോഗപ്പെടുത്താം.
ഖുറാന് പിറവിയെടുത്ത മാസമാണ് റംസാന്. നന്മയുടെ മാസമാണിത്. എല്ലാ സത്കര്‍മ്മങ്ങള്‍ക്കും ഫലം ലഭിക്കുമെങ്കിലും ഈ പുണ്യമാസത്തിലെ സത്കര്‍മ്മങ്ങള്‍ക്ക് ഫലം കൂടുമെന്നാണ് നമ്മുടെ വിശ്വാസം.
ലോകമാനവികതയ്ക്ക് സമാധാനം, സ്നേഹം, സന്തോഷം, സാഹോദര്യം, സഹവര്‍ത്തിത്വം എന്നിവയാണ് ഖുറാന് ഉദ്ഘോഷിക്കുന്നത്. ആദ്ധ്യാത്മികമാണ് അതിന്റെ ഉള്ളടക്കം. മനുഷ്യനിലാണ് അത് ഊന്നിനില്‍ക്കുന്നത്. മറ്റുള്ളവരെ സ്നേഹിക്കാനും, ബഹുമാനിക്കാനും ഇല്ലാത്തവര്‍ക്ക് നല്‍കാനും മനുഷ്യനെ ഇത് പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ ദു:ഖം കണ്ടെത്തി അവരെ സമാശ്വസിപ്പിക്കാനുള്ള അവസരമാണിത്. വിശപ്പും, ദാഹവുമറിഞ്ഞ മാസമാണ് കടന്നുപോയത്. മറ്റുള്ളവരുടെ കഷ്ടപ്പാടെന്തെന്ന് അറിയാന്‍ കഴിഞ്ഞ മാസം. സ്വയം ശുദ്ധീകരിക്കാനും അച്ചടക്കമുള്ളവരാകാനും പ്രേരണ നല്കുന്ന മാസം. ദൈവവുമായി ഏറ്റവുമടുക്കാനുള്ള അവസരമായിരുന്നു ഈ വിശുദ്ധമാസം.
വിഭാഗീയമോ, സങ്കുചിതമോ ആയ ചിന്തകളല്ല മറിച്ച് മാനവികതയെ ഒന്നായി കാണാനും എല്ലാവരേയും സ്നേഹിക്കാനും സഹായിക്കാനും സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയും കാണാനുമാണ് ഖുറാന് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അവിടെ വിവേചനങ്ങളോ വിഭാഗീയതകളോ ഇല്ല. എല്ലാം ദൈവസൃഷ്ടിയാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. എല്ലാറ്റിന്റെയും ഉറവിടം ഒന്നാണ്. ഖുറാനില്‍ വിശ്വസിക്കുന്നവര്‍ ആ നന്മയെ ഉള്‍ക്കൊള്ളണം. അവരാഗ്രഹിക്കേണ്ടത് പ്രവൃത്തിക്കേണ്ടതും ലോകനന്മയെ ലക്ഷ്യമാക്കിയായിരിക്കണം. പരോപകാരപ്രദമായ സമാധാനജീവിതരീതിയാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. ഇത്തരം ഉദാത്തമായ ചിന്തകള്‍ പിറന്ന മാസമാണ് ഈ പുണ്യമാസം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഖുറാനെ സ്വന്തമായി വ്യാഖ്യാനിക്കാനും അവരവരുടെ സൗകര്യത്തിനുവേണ്ടി ഉപയോഗിക്കാനും ചിലര്‍ ശ്രമിക്കുന്നു. ഇസ്ലാമിന്റെ പേരിലുള്ള ഇത്തരം വിഭാഗങ്ങളാണ് ലോകത്ത് ചിലയിടങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കുന്നത്.
കൊവിഡിന്റെ മുന്നില്‍ മനുഷ്യന് അന്താളിച്ചുനില്‍ക്കുമ്പോള്‍ ലോക നന്മയെ കരുതി എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും പരസ്പരം സഹകരിക്കാനും സമാശ്വസിപ്പിക്കാനും ഈ ആഘോഷ ദിനങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താം. എല്ലാവര്ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: