റോത്തക്: സന്യുക്ത കിസാന്‍ മോര്‍ച്ച(എസ്കെഎം)യുടെ പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിനെ ചൊവ്വാഴ്ച ഛജ്ജര്‍ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ലൈംഗികാതിക്രമത്തിനിരയായശേഷം 25-കാരിയായ ആക്ടിവിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ച കേസിലാണ് യോഗേന്ദ്ര യാദവിനെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്. ബാഹദുര്ഗ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പേരുകളുള്ള രണ്ടു വനിതാ ആക്ടിവിസ്റ്റുകളില്‍ ഒരാളായ യോഗിത സുഹാഗിനെയും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.
നിരവധി കാര്യങ്ങള്‍ ഇവരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് ചോദിച്ചറിഞ്ഞു. യോഗിതയുടെ ബംഗാള്‍ സന്ദര്‍ശനത്തെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ആരാഞ്ഞു. മടക്കയാത്രയെക്കുറിച്ചും വീഡിയോയില്‍ പകര്‍ത്തിയ ഇരയുടെ മൊഴിയെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യോഗേന്ദ്ര യാദവിനും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള യോഗിത സുഹാഗിനും കവിതയ്ക്കും നോട്ടിസ് നല്‍കിയിരുന്നതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പവന് കുമാര്‍ അറിയിച്ചു.
എപ്പോഴാണ് സംഭവങ്ങള്‍ അറിഞ്ഞതെന്നും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് യോഗേന്ദ്ര യാദവിനോട് പൊലീസ് തിരക്കിയത്. ഏപ്രില്‍ 30-നാണ് പെണ്‍കുട്ടി മരിച്ചത്. പൊലീസിന് മുന്നില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്ന് യോഗേന്ദ്ര യാദവ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളിവിലുള്ള പ്രതികള്‍ അനില്‍ മാലിക്കിനും അനൂപ് സിംഗിനുമായി പ്രത്യേക അന്വേഷണ സംഘം ഒളിത്താവളങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് പവന് കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: