തൃശൂര്‍: കൊവിഡ് രണ്ടാംതരംഗം പിടിതരാതെ കുതിക്കുമ്പോള്‍ പള്‍സ് ഓക്സീമീറ്റര്‍, സര്‍ജിക്കല്‍ മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ക്ക് ക്ഷാമം. ഇതോടൊപ്പം വിലയും വര്‍ദ്ധിക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു. വീടുകളിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ഇരട്ട മാസ്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണം കര്‍ശനമാക്കിയതുമാണ് വില വര്‍ദ്ധിക്കാനിടയാക്കിയത്.
ഈ സാഹചര്യം കച്ചവടക്കാരും വിതരണക്കാരും പരമാവധി ചൂഷണം ചെയ്യുകയാണ്. അതേസമയം കൃത്രിമ ക്ഷാമവും ചൂഷണവും തടയാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനാണ് വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളോട് പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ആറുമാസം മുമ്പ് 500-800 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1500 മുതല്‍ മുകളിലേക്കാണ് വില. ഓണ്‍ലൈനിലും വില ഇരട്ടിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ 2000 മുതലാണ് വില. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ 750 മുതല്‍ 800 രൂപ വരെയായിരുന്നു കഴിഞ്ഞ മാസത്തെ വില. എന്നാലിപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഓക്സിമീറ്ററുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.
പള്‍സ് ഓക്സീ മിറ്ററിന്റെ ഉപയോഗം
15 മിനിട്ട് വിശ്രമിച്ച് വേണം പരിശോധിക്കാന്‍.
നടുവിരലിലോ ചൂണ്ടുവിരലിലോ മീറ്റര്‍ ഘടിപ്പിക്കണം.
മീറ്ററിലെ റീഡിംഗ് കൃത്യമാകുന്നത് വരെ കാത്തിരിക്കണം.
പ്രതിദിനം അഞ്ച്-ആറ് മണിക്കൂര്‍ ഇടവിട്ട് മൂന്നുതവണ റീഡിംഗ് എടുക്കണം.
റീഡിംഗ് 93ല്‍ കുറവാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.
മാസ്ക് വില ഇരട്ടിയായി
ഡബിള്‍ മാസ്ക് വയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സര്‍ജിക്കല്‍ മാസ്കുകളുടെ വില 125 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. സര്‍ജിക്കല്‍ മാസ്ക് നൂറെണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ 700 മുതല്‍ 730 വരെയായി വില ഉയര്‍ന്നു.
ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. പാക്കറ്റ് പൊട്ടിച്ച് നല്കുന്ന സര്‍ജിക്കല്‍ മാസ്കുകള്‍ക്ക് 10 രൂപ വരെ വാങ്ങുന്നതായി പരാതിയുണ്ട്. ഡബിള്‍ മാസ്ക് നിര്‍ബന്ധമാക്കുകയും തുണി മാസ്കുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വരികയും ചെയ്തതോടെയാണ് മാസ്ക് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അമിത വില സംബന്ധിച്ച് ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാര്‍ക്ക്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നാണാവശ്യം. ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച് വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ്. ഇത് തടയാന്‍ ജില്ലാ ഭരണകൂടവും ഡ്രഗ്സ് കണ്ട്രോള് വിഭാഗവും ഇനിയും നടപടിക്ക് മുതിര്‍ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: