തൃശൂര്‍: പ്രശസ്തമായ ആട് ജീവിതം എന്ന നോവല്‍ മോഷണമാണെന്ന ആരോപണത്തിന് ബെന്യാമിന് മറുപടി പറയണമെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. വിമര്‍ശനമുന്നയിക്കുന്നത് സംഘപരിവാറുകാരാണെന്ന മുടന്തന്‍ ന്യായം കൊണ്ട് ബെന്യാമിന് ഒഴിഞ്ഞുമാറാനാവില്ല. ആദ്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടിയയാള്‍ ഇടതുപക്ഷ പ്രവര്‍ത്തകനാണെന്നും അഹമ്മദ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് എ.പി. അഹമ്മദ് പ്രതികരിച്ചത്.
സിപിഐയുടെ സാംസ്കാരിക സംഘടനയാണ് യുവകലാസാഹിതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘ആടുജീവിതം’ എന്ന നോവല്‍ വിമര്‍ശനമേറ്റ് പുളയുമ്പോള്‍, 11 കൊല്ലം മുമ്പ് സൗദി അറേബ്യയിലെ ‘മലയാളം ന്യൂസ്’ പത്രത്തില്‍ ഞാനെഴുതിയ ലേഖനം പല കൂട്ടുകാരും ഓര്‍ത്തു. അന്ന് ‘ആടുജീവിതം’ കത്തിക്കയറുന്നതേയുള്ളു. ഇന്ന് 160 പതിപ്പുകള്‍ വന്നു കഴിഞ്ഞ ആ പുസ്തകം മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ഒട്ടേറെ അവാര്‍ഡുകള്‍, എട്ട് ഭാഷകളില്‍ പരിഭാഷ, സ്കൂള്‍-കോളേജ് തലങ്ങളില്‍ പാഠപുസ്തകം, പുറത്തിറങ്ങാന്‍ പോകുന്ന ചലച്ചിത്രഭാഷ്യം. അങ്ങനെ ഒരു പുസ്തകത്തിന് ലഭിക്കാവുന്ന എല്ലാ അംഗീകാരങ്ങളും ‘ആടുജീവിതം’ നേടിക്കഴിഞ്ഞു.
മരുഭൂമധ്യത്തില്‍ ആശയറ്റുപോയ ഒരു മനുഷ്യന്റെ ജൈവീക പ്രതിസന്ധിയാണ് പുസ്തകത്തിന്റെ ആശയതലം. പ്രവാസി അനുഭവിക്കുന്ന യാതനയുടെ നേര്‍സാക്ഷ്യമാണ് കഥാതന്തു. കഥയല്ല, ജീവിതമാണ് എന്ന മുഖവുരയാണ് വിപണനത്തിന്റെ പരസ്യവാക്യം. ഭാഷയുടെ തീക്ഷ്ണത കൂടിയായപ്പോള്‍ വായിക്കപ്പെട്ടത് സ്വാഭാവികം.
എന്നാല്‍ 13 കൊല്ലത്തെ ജൈത്രയാത്രയില്‍ ഈ പുസ്തകത്തിനു നേരെ വന്ന ഒട്ടേറെ വിമര്‍ശനങ്ങളെ മലയാളം ഗൗനിച്ചില്ല. കേട്ടെഴുത്ത് മൗലിക രചനയാണോ എന്ന സാങ്കേതികമായ ചോദ്യം അവഗണിക്കപ്പെട്ടു. പ്രകൃതിവായനയില് മരുഭൂമി ഭീകരനാണോ മോഹിനിയാണോ എന്ന സന്ദേഹവും തിരസ്ക്കരിക്കപ്പെട്ടു. മരുഭൂമിയുടെ മക്കളായ അറബ് ജനതയുടെ ജീവിതത്തെക്കുറിച്ച് ആ പുസ്തകം പരത്തിയ അബദ്ധങ്ങള്‍ സത്യമെന്ന് ധരിക്കപ്പെട്ടു. കാട്ടറബിയുടെ ക്രൂരകൃത്യങ്ങള്‍ ഒരു സംസ്കാരത്തിന്റെ പൊതുചിത്രമായി ജനമനസ്സില്‍ സ്ഥാപിക്കപ്പെട്ടു. ഇസ്ലാമോഫോബിയ ലോക രാഷ്ട്രീയത്തില്‍ വിറ്റഴിക്കപ്പെട്ട കാലത്ത് ഈ പുസ്തകവും നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. എന്നിട്ടും ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉപജീവനം നടത്തുന്ന സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളില്‍ ഈ പുസ്തകം എന്തുകൊണ്ട് നിരോധിക്കപ്പെട്ടു എന്നു പോലും ആരും അന്വേഷിച്ചില്ല.
അറബികളുടെ ഔദാര്യത്തില്‍ ജീവിതം വെട്ടിപ്പിടിച്ച മലയാളികള്‍ക്ക് വ്യാജവാക്കുകള്‍ തീര്‍ത്ത അന്ധാളിപ്പില്‍ സുബോധം നഷ്ടപ്പെട്ടു. തൊഴിലാളിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും മുടിവലിച്ച് പിഴുതുകളയുകയും നെഞ്ചത്ത് തൊഴിക്കുകയും കാടിവെള്ളത്തില്‍ തല പിടിച്ച് മുക്കുകയും ഒക്കെ ചെയ്യുന്ന ഹിംസ്രജീവിയാണ് അറബിയെന്ന് മലയാളി സമ്മതിച്ചു കൊടുത്തു. മനുഷ്യന്റെ ആസനത്തില്‍ കമ്പു കുത്തിക്കയറ്റുന്ന കാട്ടറബി ബെന്യാമിന്റെ മാത്രം സൃഷ്ടിയാണെന്ന് ഒരിക്കല്‍ പോലും നമ്മള് ഓര്‍ത്തില്ല..
എന്നാല്‍ ബെന്യാമിന് തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. ‘ആടുജീവിത’ത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ മുഹമ്മദ് അസദിന്റെ ‘ദ റോഡ് റ്റു മെക്ക’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നിന്നുള്ള നേര്‍പകര്‍പ്പാണ് എന്ന കണ്ടെത്തലാണത്. ബഹ്റൈന്‍ പ്രവാസിയും ബെന്യാമിന്റ സുഹൃത്തുമായ ശംസ് ബാലുശ്ശേരിയാണ് ഈ വെല്ലുവിളിയുമായി രംഗത്തെത്തിയത്. സുഹൃത്ത് നേരിട്ട് ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ബെന്യാമിന് തന്ത്രപൂര്‍വം ഒഴിഞ്ഞു മാറിയപ്പോഴാണ്, അക്കമിട്ട് തെളിവുകള്‍ നിരത്തി ബെന്യാമിന്റെ സാഹിത്യ മോഷണം സമൂഹമാധ്യമങ്ങളിലൂടെ ശംസ് വെളിപ്പെടുത്തിയത്.
ശംസിന്റെ കണ്ടെത്തലുകള്‍ വൈറലായപ്പോള്‍ ബെന്യാമിനെ പ്രതിരോധിക്കാനായി പലരും കക്ഷിരാഷ്ട്രീയം പ്രയോഗിച്ചു നോക്കി. ഇടതുപക്ഷക്കാരനായ ബെന്യാമിനെ അപമാനിക്കാന്‍ സംഘപരിവാര്‍ പടച്ചുവിട്ട ആരോപണമാണത്രെ! സജീവ സിപിഎം പ്രവര്‍ത്തകനും ബാലുശ്ശേരി എംഎല്‍എ പുരുഷന് കടലുണ്ടിയുടെ ഫേസ്ബുക്ക് അഡ്മിനുമായ ശംസ് ബാലുശ്ശേരി ഇത് കേട്ട് ചിരിക്കുകയല്ലാതെ എന്ത് ചെയ്യും!
മലയാളിയോട് മറുപടി പറയാതെ ബെന്യാമിന് എത്രകാലം കീര്‍ത്തിയിലും ലോബിയിലും ഒളിച്ചിരിക്കും? ഒന്നുകില്‍ മോഷ്ടിച്ചത് ഏറ്റുപറഞ്ഞ് ഇനിയുള്ള പതിപ്പുകളില്‍ അത് സൂചിപ്പിക്കുക; അല്ലെങ്കില്‍ മലയാളികളാകെ അറിഞ്ഞു കഴിഞ്ഞ ആരോപണം നിഷേധിച്ച്, രചനാസാമ്യം യാദൃച്ഛികമാണെന്ന് വിശദീകരിക്കുക രണ്ടുമല്ലാത്ത ഈ കള്ളമൗനം ആ എഴുത്തുകാരനെ എന്തുമാത്രം അപഹാസ്യനാക്കിയിരിക്കുന്നു!!
ബെന്യാമിനോടൊപ്പം മറ്റു ചിലര്‍ കൂടി ഈ കളവുകേസില്‍ വിചാരണ നേരിടേണ്ടി വരും. മുഹമ്മദ് അസദിന്റെ പുസ്തകം ‘മക്കയിലേക്കുള്ള പാത’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ.എം.എന്‍. കാരശ്ശേരിയാണ് ഒരാള്‍. അക്കാദമി അവാര്‍ഡ് നേടിയിട്ടും യൂണിവേഴ്സിറ്റി പാഠപുസ്തകമായിട്ടും ഈ വിഖ്യാത പുസ്തകം കാരശ്ശേരി വായിച്ചില്ലെന്നാണോ? വായിച്ചുവെങ്കില്‍ താന്‍ പരിഭാഷപ്പെടുത്തിയ പുസ്തകത്തിലെ ദീര്‍ഘമായ പകര്‍പ്പുകള്‍ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നാണോ? അതോ അറിഞ്ഞിട്ടും പ്രശസ്തനായ എഴുത്തുകാരന്റെ മോഷണം അദ്ദേഹം മൂടിവച്ചുവോ? എന്തായാലും കാരശ്ശേരിയെപ്പോലെ ഒരു സാമൂഹ്യ വിമര്ശകന് ഈ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് മാന്യതയാവില്ല.
ആടുജീവിതം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ജോസഫ് കോയിപ്പള്ളിക്കും അസദിന്റെ ഇംഗ്ലീഷ് ഗ്രന്ഥം പരിശോധിച്ച് സത്യം ലോകത്തോട് പറയാന്‍ ബാധ്യതയുണ്ട്. മലയാളം പ്രസാധകരായ ഗ്രീന്‍ ബുക്സിനും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പെന്‍ഗ്വിനും
ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കാരശ്ശേരിയുടെ പരിഭാഷ പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധന സംരംഭമായ ഐപിഎച്ച് ആണ്. ‘ആടുജീവിത’ത്തിലെ അസദിന്റെ പങ്ക് തിരിച്ചറിയാന്‍ അതിന്റെ പ്രസാധകര് 13 വര്‍ഷമെടുത്തത് അവര്‍ക്കും ഭൂഷണമല്ല. എന്തായാലും ഇപ്പോള്‍ ഈ കുറ്റകൃത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അവരുടെ സഹോദര സ്ഥാപനമായ ‘മീഡിയാ വണ്‍’ നന്നായി സഹായിച്ചുവെന്ന് പറയാതെ വയ്യ! ആവിഷ്ക്കാരത്തിന്റെ ആത്മാവ് വിപണന മൂല്യമല്ല, ധൈഷണിക സത്യസന്ധതയാണെന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാര്‍ക്ക് എന്നാണ് ബോധ്യപ്പെടുക??
പ്രതികരിക്കാൻ ഇവിടെ എഴുതുക: