കൊല്ലം: ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ നേരിടാന്‍ കഴിയാതെ ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന് തുറന്നടിച്ച് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണ്‍. യുഡിഎഫ് വന്നാല്‍ മുസ്ലിംലീഗ് കേരളത്തെ നയിക്കുമെന്നും ബിജെപി വര്‍ഗീയ ഫാസിസ്റ്റുകളാണെന്നും പ്രചരിപ്പിച്ച് എല്‍ഡിഎഫ് മതസാമുദായിക ധ്രുവീകരണം നടത്തിയാണ് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ മുന്നണികള്‍ ഇന്ന് രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന സ്ഥിതിയാണെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ഓരോ സമുദായത്തിനും ഓരോ നിലപാട് ആണ്. അതുകൊണ്ട് തന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് വോട്ടുനിലയില്‍ ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമായത്. രാഷ്ട്രീയം അപ്രസക്തമായ ഘടകങ്ങളാണ് തന്റെ തോല്‍വിക്ക് കാരണമായത്. സാമുദായിക ധ്രുവീകരണം ഈ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. രാഷ്ട്രീയത്തില്‍ കക്ഷിനോക്കി വോട്ട് ചെയ്യുകയും വോട്ട് തേടുകയും ചെയ്യുന്ന പ്രവണതയായിരുന്നു നേരത്തെയെങ്കില്‍ ഇപ്പോള്‍ അത് മാറി. സ്ഥാനാര്‍ത്ഥിയുടെ സമുദായവും മതവുമൊക്കെയാണ് ഇപ്പോള്‍ അതിന് ഘടകമാകുന്നത്. കേരള രാഷ്ട്രീയം അപകടകരമായ സാമുദായിക ധ്രുവീകരണത്തിലേക്കാണ് നീങ്ങുന്നത് എന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
മോദിപ്പേടി പ്രചരിപ്പിച്ച് ന്യൂനപക്ഷ ഏകീകരണം നടപ്പാക്കാന്‍ കാലങ്ങളായി മുന്നണിരാഷ്ട്രീയക്കാര് നടത്തിയ പരിശ്രമം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്ക് എത്തിയെന്ന ആക്ഷേപം വ്യാപകമാകുന്നതിനിടെയാണ് ഷിബു ബേബിജോണിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതിന്റെ പേരില്‍ ഒരു എംഎല്‍എയ്ക്ക് മാപ്പ് പറയേണ്ടി വന്നത് അടുത്തിടെയാണ്. പൂഞ്ഞാറില്‍ മത്സരിച്ച പി.സി. ജോര്‍ജിന് ഈരാറ്റുപേട്ടയില്‍ പ്രചരണം നടത്താനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പി.സി. ജോര്‍ജിന്റെ ശവമഞ്ചമൊരുക്കി ആദരാഞ്ജലി അര്‍പ്പിക്കുന്ന വികൃതമായ ആഘോഷങ്ങള്‍ക്കും കേരളം സാക്ഷിയായി. സമാനമായ രീതിയില്‍ ഷിബുബേബിജോണിന്റെ ചിത്രത്തില്‍ റീത്ത് വച്ച് ആദരാഞ്ജലി അര്‍പ്പിച്ച സംഭവവും ചവറയിലുണ്ടായി. വയനാട്ടില്‍ മത്സരിച്ച് തോറ്റ ശ്രേയാംസ് കുമാറും ഇത്തരത്തില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി എന്ന വാദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: