പണ്ട് പണ്ട് ദേവനദിയായ ഗംഗയെ ഭൂമിയിലെത്തിച്ചത് ഭഗീരഥന് എന്ന രാജാവ്. അദ്ദേഹത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ഉഗ്രതപസ്സ്. മരിച്ചുപോയ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് പുണ്യം നേടിക്കൊടുക്കാനായിരുന്നു ഭഗീരഥന് ഈ പെടാപ്പാടൊക്കെ നടത്തിയത്.
രാജസ്ഥാനിലെ ലോപാദിയ ഗ്രാമത്തിലുമുണ്ട് ഒരു ഭഗീരഥന്. പേര് ലക്ഷ്മണ് സിങ്. വരണ്ടുണങ്ങിയ ഗ്രാമത്തിലേക്ക് ജലദേവതയുടെ അനുഗ്രഹമെത്തിക്കാന്‍ അദ്ദേഹവും ചെയ്തു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തപസ്സ്. പക്ഷേ അത് മരിച്ചുപോയ പൂര്‍വികര്‍ക്ക് പുണ്യം നല്കാന് വേണ്ടിയായിരുന്നില്ല. സഹജീവികളുടെ ജീവന് നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ആ തപസ്. മരണാസന്നയായ ഒരു ഗ്രാമത്തിന് ജീവന് നല്കാന് വേണ്ടിയായിരുന്നു ആ തപസ്. ഉണങ്ങിവരണ്ട മണല്‍പാടങ്ങളില്‍ അന്നം വിളയിക്കാനായിരുന്നു ലക്ഷ്മണ് സിങ്ങിന്റെ അധ്വാന തപസ്സ്.
ജയ്പൂരിലെ സുഡു ബ്ലോക്കിലാണ് ലക്ഷ്മണ് സിങ്ങിന്റെ ലോപാദിയ. പരമ്പരാഗത ജലവിനിയോഗ സമ്പ്രദായങ്ങളെ പാടെ മറന്നതിന് വലിയ പിഴ നല്‍കേണ്ടി വന്ന ഗ്രാമം. 1977ല്‍ ഉണ്ടായ ജലക്ഷാമത്തോടെ ഗ്രാമത്തിലെ കൃഷി പൂര്‍ണമായും നിലച്ചു. പട്ടിണികൊണ്ട് വലഞ്ഞ ഒട്ടേറെ കര്‍ഷകര്‍ നാടുവിട്ടു. കുട്ടികള്‍ കൂട്ടമായി പഠിപ്പ് നിര്‍ത്തി. ലക്ഷ്മണ് സിങ്ങും അങ്ങനെയാണ് സ്കൂളില്‍നിന്ന് പുറത്തായത്. പക്ഷേ വെറുതെയിരിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ലോപാദിയയില്‍ വെള്ളമെത്തിക്കുകയെന്നതായിരുന്നു അയാളുടെ ഒരേയൊരു ലക്ഷ്യം. അതിന് പല മാര്‍ഗങ്ങള്‍ ചിന്തിച്ചുറപ്പിച്ചു. പക്ഷേ പിന്തുണ നല്കാന് ഗ്രാമത്തില്‍ ആരുമുണ്ടായില്ല. തന്റെ ബാല്യകാല സുഹൃത്തായ ക്ഷേത്ര പൂജാരിയൊഴികെ.
പഴയ ജല മാനേജ്മെന്റ് മാര്‍ഗങ്ങളുടെ ചുവടുപറ്റി പുതിയൊരു ജലസംരക്ഷണ മാര്‍ഗം ലക്ഷ്മണ് സിങ് രൂപപ്പെടുത്തി. പേര് ‘ചൗക്ക.’ വാക്കിന്റെ പൊതു അര്‍ത്ഥം ‘ചതുരം’ എന്നത്രേ ചതുരത്തിലുള്ള വെള്ളക്കുഴികളുടെ പരമ്പരയാണ് ചൗക്കയുടെ ആകെത്തുക. രണ്ടടി ഉയരത്തിലുള്ള വരമ്പ് കൊണ്ട് വേലികെട്ടിയ ചതുരങ്ങളില്‍ പെയ്ത്തുവെള്ളം നിറഞ്ഞ് മണ്ണില്‍ത്താഴും. അധികം വരുന്ന ജലം ഉയരം കുറഞ്ഞ വരമ്പിനു മേലെ ഒഴുകി അടുത്ത ചൗക്കയിലെത്തും. തുടര്‍ന്ന് അടുത്തടുത്ത ചൗക്കകളിലും. അവസാനത്തെ ചൗക്കയും നിറഞ്ഞാല്‍, പിന്നെ വരുന്ന വെള്ളം നേരെ പോവുക കുളത്തിലേക്ക്.
ലക്ഷ്മണ് സിങ് ഒരു നാള് പിക്ആക്സും കൈക്കോട്ടുമായി വയലിലേക്ക് നടന്നു. കൂട്ടിനാരുമില്ല. വെള്ളം കൊണ്ടുവരാനുള്ള യാത്രയാണെന്നറിഞ്ഞതോടെ വഴിവക്കില്‍നിന്ന് കുട്ട നിറയെ പരിഹാസവും കിട്ടി. പക്ഷേ വയലിലെത്തിയപ്പോഴേക്കും ഒപ്പം അഞ്ചുപേര്‍കൂടിയെത്തി. അങ്ങനെ പണി തുടങ്ങി. ഏതാണ്ട് രണ്ടാള് താഴ്ചയില്‍ ആയിരത്തിലേറെ മീറ്റര്‍ നീളത്തില്‍ നശിച്ചുകിടക്കുന്ന പഴയ കനാലിനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്മണ് സിങ്ങിന്റെ ആദ്യ ലക്ഷ്യം. നേരമിരുട്ടുന്നതുവരെ പണി. വിയര്‍പ്പു തുള്ളികളില്‍ മണ്ണ് നനഞ്ഞു കുതിര്‍ന്നു. കണ്ടവര്‍ കണ്ടവര്‍ സഹായവുമായി ഒപ്പമെത്തി രണ്ടുമാസംകൊണ്ട് ആ ശ്രമം പൂര്‍ത്തിയായി. രണ്ടുവര്ഷങ്ങള്ക്കുള്ളില് ആ ജലാശയ അരികുകളില്‍ പച്ചപ്പുല്ലുകള്‍ കിളിര്‍ത്തു. കന്നുകാലികള്‍ അവിടേക്ക് പ്രവഹിച്ചു. കൃഷിയിടങ്ങള്‍ നനഞ്ഞു കുതിര്‍ന്നപ്പോള്‍ നാടുവിട്ട കര്‍ഷകര്‍ മടങ്ങിയെത്തി. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ലക്ഷ്മണ് സിങ്ങിന്റെ ചൗക്കകളില്‍ വെള്ളം വന്നുനിറഞ്ഞു. മിച്ചം വരുന്ന ജലം സമ്പാദിക്കാന്‍ ആ കര്ഷകന് രണ്ട് വമ്പന്‍ കുളങ്ങള്‍ കുത്തി. ചെടികളുടെ ദാഹമകറ്റാനുള്ള ഫൂല്‍സാഗറും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ദേവസാഗറും. ഏതാണ്ട് 500 അടിയോളം താഴ്ചയിലേക്കിറങ്ങിയ ഭൂഗര്‍ഭജലം 15-20 അടി ഉയരത്തിലേക്ക് എത്തിയത് മറ്റൊരദ്ഭുതം. ഗ്രാമത്തിലെ എല്ലാ വയലുകളിലും കൃഷി തുടങ്ങാന്‍ കര്‍ഷകര്‍ അമാന്തിച്ചില്ല. ഗോതമ്പും ജോവാറും ചോളവും ഉഴുന്നും പച്ചക്കറിയും ഇഷ്ടംപോലെ വിളഞ്ഞു. കന്നുകാലികള്‍ പെരുത്തതോടെ ചാണകം ആവശ്യത്തിന് കിട്ടി. അതോടെ ജൈവകൃഷിക്കായി പ്രാമുഖ്യം. കൃഷിയിടത്തില്‍ നിന്നകലെ ഏതാണ്ട് നൂറില്‍ പരം ഏക്കര്‍ സ്ഥലം വേലികെട്ടി സൂക്ഷിക്കാനും ലക്ഷ്മണ് സിങ്ങും കൂട്ടരും മറന്നില്ല. പക്ഷികള്‍ക്കുവേണ്ടിയുള്ള ആ ഉദ്യാനത്തില്‍ ആയിരക്കണക്കിന് കിളികള്‍ കൂടുകെട്ടാനെത്തി.
ലോപാദിയയിലെ ജലവിപ്ലവം അയല്‍ നാടുകളെ അറിയിക്കാനായി ലക്ഷ്മണ് സിങ്ങും കൂട്ടരും പദയാത്രകള്‍ സംഘടിപ്പിച്ചു. അറുപതില്‍പ്പരം ഗ്രാമങ്ങള്‍ ‘ചൗക്ക’യുടെ പിന്‍ബലത്തില്‍ ജലാഭിഷിക്തരായി. പശുക്കളുടെ വംശശുദ്ധിയും പ്രത്യുല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനായി ഗുജറാത്തില്‍നിന്ന് ഗീര്‍കാളകളെ ലോപാദിയയിലെത്തിക്കുകയായിരുന്നു അടുത്തപടി. അവയ്ക്ക് നേതൃത്വം നല്കാന് ഗ്രാമീണ്‍ വികാസ് നവയുവക് മണ്ഡല് രൂപീകരിച്ചു. പക്ഷേ ഈ മികവുകളില്‍ നിന്നൊന്നും ക്രെഡിറ്റ് നേടിയെടുക്കാന്‍ ലക്ഷ്മണ് സിങ് മിനക്കെട്ടില്ല. ‘ആകസ്മികമായി സംഭവിച്ച ഒരു ജലവിദഗ്ദ്ധന്‍’ എന്ന് കേള്‍ക്കാനാണ് അദ്ദേഹത്തിനിഷ്ടം.
വാല്‍ക്കഷ്ണം: കടലിനടിയില്‍ ഏറ്റവും താഴ്ചയില്‍ അന്ത്യവിശ്രമം കൊണ്ട കപ്പലിനെ കണ്ടെത്തുന്നതില്‍ സമഗ്ര ഗവേഷകര്‍ വിജയിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍പ്പെട്ട് ലെയ്റ്റി ഉള്‍ക്കടലില്‍ 327 സൈനികരുമായി മുങ്ങി മറഞ്ഞ അമേരിക്കന്‍ നാവികസേനയുടെ ‘ജോണ്സണ്’ എന്ന നശീകരണക്കപ്പലിനെയാണ് ‘കലാഡന്‍ ഓഷ്യാനിക്’ എന്ന പര്യവേഷണ കമ്പനിയുടെ വിദഗ്ദ്ധര്‍ കണ്ടെത്തി ചിത്രങ്ങളെടുത്തത്. 1944 ഒക്ടോബര്‍ 25 ന് മുങ്ങിയ ആ കപ്പല്‍ സ്ഥിതിചെയ്യുന്നത് 21,180 അടി ആഴത്തില്‍. കപ്പലിലെ പീരങ്കിയും ടോര്‍പിഡോയും യന്ത്രത്തോക്കുകളുമെല്ലാം യഥാസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. അത്യാധുനിക സൗകര്യത്തോടു കൂടിയതും കട്ടി കൂടിയ പ്ലാറ്റിനം ആവരണംകൊണ്ട് സുരക്ഷിതമാക്കപ്പെട്ടതുമായ ഒരു പര്യവേഷണ വാഹനത്തിലാണ് വിദഗ്ദ്ധര്‍ ആഴിക്കടിയിലെത്തി കപ്പലിനെ ചിത്രീകരിച്ചത്. മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് മുങ്ങി മറഞ്ഞ യുദ്ധക്കപ്പലിന്റെ നിത്യനിദ്രയുടെ ചിത്രങ്ങള്‍ സമുദ്രശാസ്ത്ര പഠനരംഗത്തുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: