മറയൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച സംസ്ഥാനം ഇന്നു മുതല്‍ വീണ്ടും ലോക് ഡൗണിലേക്കു നീങ്ങുമ്പോള്‍ മാതൃകയായി ഇടുക്കിയിലെ ഒരു വനവാസി സമൂഹം.
മറയൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനവാസി കുടികളാണ് ഏപ്രില്‍ 26 മുതല്‍ ആരുടേയും പ്രേരണയില്ലാതെ സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഊരു മൂപ്പന്മാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ കുടികളില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നതും പുറത്ത് നിന്നുള്ളവര്‍ കുടികളിലെത്തുന്നതും വിലക്കിയിരിക്കുകയാണെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എം.കെ. വിനോദ് കുമാര്‍ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരാണെങ്കില്‍ പോലും കുടികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ വേണം. വനം വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഈ നിര്‍ദേശം നടപ്പിലാക്കിയിരിക്കുന്നത്. മറയൂര്‍ വനം വകുപ്പ് റേഞ്ചിന് കീഴില്‍ വരുന്ന ആളുകള്‍ക്ക് ഇന്ന് മുതല്‍ ലോക്ഡൗണ്‍ തീരുന്നത് വരെ അവശ്യമരുന്നുകള്‍ എത്തിച്ച് നല്‍കും. ഇതിനായി നാലു പേരുടെ വാട്ട്സ്ആപ്പ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് ഡോക്ടറുടെ കുറുപ്പടി സഹിതം ആവശ്യം അറിയിച്ചാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്ത മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങിച്ച് തീര്‍ത്തും സൗജന്യമായി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2900 വനവാസി കുടുംബങ്ങളില്‍ നിന്നുള്ള 9000 പേരാണ് ഇവിടെ താമസിക്കുന്നത്. സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതുവരെ ആരും കൊവിഡ് പോസിറ്റീവായിട്ടില്ലെന്ന് മറയൂര്‍ ട്രൈബല്‍ ഓഫീസര്‍ വി. സുരേഷ് കുമാര്‍ പറഞ്ഞു.
വനവാസി സമൂഹത്തിനിടയില്‍ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഗോത്രജീവിക എന്ന വനവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാസ്കുകള്‍ തുന്നി നല്‍കുന്നുണ്ട്. തുന്നുന്ന 23 സ്ത്രീകള്‍ അടങ്ങിയ സംഘത്തിന് തുണിയും മാസ്ക് ഒന്നിന് അഞ്ച് രൂപ വീതവും നല്‍കുമെന്നും വനവാസികള്‍ക്ക് മാസ്ക് സൗജന്യമായാണ് നല്‍കുന്നതെന്നും സുരേഷ്കുമാര്‍ പറഞ്ഞു. മറ്റിടങ്ങളിലെല്ലാം കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ഇതില്‍ നിന്ന് കൃത്യസമയത്തുള്ള ഇടപെടലില്‍ മാതൃകയാകുയാണ് ഒരു സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: