നാഗ്പൂര്‍: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തുന്ന അക്രമം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം.
ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിന് ഒരു പ്രധാന പങ്കുണ്ട്. പശ്ചിമ ബംഗാളില്‍ അടുത്തിടെ ഈ ജനാധിപത്യപാരമ്പര്യത്തില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ബംഗാളിലെ മുഴുവന്‍ സമൂഹവും ഇതില്‍ ഗൗരവമായി പങ്കെടുത്തിട്ടുണ്ട്. പരസ്പരം മത്സരിക്കുന്നവര്‍ ചിലപ്പോള്‍ വികാരങ്ങള്‍ക്കനുസൃതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും പ്രതിവാദങ്ങള്‍ ഉന്നയിക്കുന്നതിലും പരിധി ലംഘിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളും നമ്മുടെ രാജ്യത്തിന്റേതാണെന്നും, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍, അവരുടെ പിന്തുണക്കാര്, വോട്ടര്‍മാര്‍ എല്ലാവരും രാജ്യത്തിന്റെ പൗരന്മാരാണെന്നും നമ്മള് എല്ലായ്പ്പോഴും ഓര്‍ക്കണം.
എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നയുടനെ സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് മാത്രമല്ല, അത് ആസൂത്രിതമാണെന്ന് കാണുകയും ചെയ്യുന്നു.
ജുഗുപ്സാവഹമായ ഈ അക്രമം അഴിച്ചുവിട്ട സാമൂഹികവിരുദ്ധര്‍ സ്ത്രീകളോട് മോശമായി പെരുമാറിയത് നിഷ്ഠൂരവും നിന്ദ്യവുമാണ്. അവര്‍ നിരപരാധികളെ ക്രൂരമായി കൊല്ലുകയും വീടുകള്‍ കത്തിക്കുകയും, കടകളും മാളുകളും നിര്‍ലജ്ജം കൊള്ളയടിക്കുകയും ചെയ്തു. അക്രമത്തിന്റെ ഫലമായി അശരണരായിത്തീര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അനേകം സഹോദരങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ അവരുടെ ജീവനും മാനവും സംരക്ഷിക്കാന്‍ അഭയം തേടി പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായി. കൂച്ച്ബെഹര്‍ മുതല്‍ സുന്ദര്‍ബന്‍ വരെ എല്ലായിടത്തും സാധാരണജനങ്ങള്‍ ഭയചകിതരായിട്ടുണ്ട്.
ഈ ഭീകരമായ അക്രമത്തെ രാഷ്ട്രീയ സ്വയംസേവക സംഘം ശക്തമായി അപലപിക്കുന്നു. വോട്ടെടുപ്പിനു ശേഷമുണ്ടായ ഈ അക്രമം എല്ലാവരുടെയും അഭിപ്രായത്തോട് ആദരവും സഹവര്‍ത്തിത്വവും കാട്ടുന്ന ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമാണ്. അത് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കും നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകജനതക്കും പൂര്‍ണമായും വിപരീതമാണ്.
സംസ്ഥാനത്തെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയമായതും അവര്‍ നിശബ്ദരായ കാഴ്ചക്കാരായി തുടര്‍ന്നുവെന്നതും ഈ മനുഷ്യത്വരഹിതമായ അക്രമത്തിന്റെ ഏറ്റവും ഭീകരമായ ഭാഗമാണ്. കലാപകാരികള്‍ എന്തിനെയെങ്കിലും ഭയപ്പെടുകയോ, അക്രമം നിയന്ത്രിക്കാന്‍ സംസ്ഥാന പോലീസും ഭരണകൂടവും മുന്‍കൈയെടുക്കുകയോ ചെയ്തിട്ടില്ല .
ഏത് കക്ഷി അധികാരത്തിലായാലും, ക്രമസമാധാനപാലനത്തിലൂടെ സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുക, സാമൂഹ്യവിരുദ്ധരുടെ മനസ്സില്‍ നിയമഭയം വളര്‍ത്തുക, അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുക എന്നിവ ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പാര്‍ട്ടികളുടേതാണ്, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മുഴുവന്‍ സമൂഹത്തോടും ഉത്തരവാദിത്തമുണ്ട്.
അക്രമം അടിയന്തിരമായി അവസാനിപ്പിക്കുവാനും, നിയമവാഴ്ച ഫലപ്രദമായി സ്ഥാപിക്കാനും, കുറ്റവാളികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും പശ്ചിമ ബംഗാളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ആര് എസ് എസ് ആവശ്യപ്പെടുന്നു. കൂടാതെ , ദുരിതബാധിതരുടെ മനസ്സില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും വളര്‍ത്താനും അവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാനും ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാളില്‍ സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായതും സാധ്യമായതുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മേല്‍പ്പറഞ്ഞ ദിശയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആര് എസ് എസ് അടിയന്തിരമായി ആവശ്യപ്പെടുന്നു.
പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്ക്കുവാനും അവരില്‍ വിശ്വാസം ഉളവാക്കുവാനും, അക്രമത്തെ നിസ്സംശയമായും അപലപിക്കുവാനും, സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായിക്കുവാനും, എല്ലാ ബുദ്ധിജീവികളോടും സാമൂഹിക-മത-രാഷ്ട്രീയ നേതൃത്വത്തോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: