തിരുവനന്തപുരം: ഓക്‌സിജന്റെ കരിഞ്ചന്തയും വിലകൂട്ടി വില്‍പ്പനയും തടയാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഓക്‌സിജന്‍ വിതരണം ക്രമീകരിക്കാന്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ്.
കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പ്പന, കണക്കില്‍പ്പെടാതെയുള്ള വില്‍പ്പന, വിലകൂട്ടി നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്‌ത്തിവയ്‌ക്കുക ഇവയെല്ലാം ദുരന്തനിവാരണ നിയമപ്രകാരം കുറ്റകരമാണ്. ഉപയോഗിച്ചശേഷം സിലിണ്ടറുകള്‍ വേഗം മടക്കി നല്‍കണം. പുഴ്‌ത്തിവയ്‌ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജന്‍, ഹീലിയം സിലിണ്ടറുകള്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കു കൈമാറണം. ഇതിനെ മെഡിക്കല്‍ ഉപയോഗത്തിനായി പരിവര്‍ത്തനം ചെയ്യും.
സിലിണ്ടറുകള്‍ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്‌സിജന്റെ സ്റ്റോക്ക് സര്‍ക്കാരിനെ കൃത്യമായി അറിയിക്കണം. കളക്ടര്‍മാര്‍ നിയോഗിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ ഓക്‌സിജന്‍ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. ഇവരുടെ അനുമതിയോടുകൂടിമാത്രമേ ജില്ലകളിലേക്ക് ഓക്‌സിജന്‍ വിതരണം നടത്താവൂ. മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന് ഗ്രീന്‍ കോറിഡോര്‍ സംവിധാനമൊരുക്കണമെന്നും ഉത്തരവിലുണ്ട്. പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന് അമിതവില ഈടാക്കിയത് ബില്ലുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: