കളമശേരി: കളമശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി സുബിന് സുകുമാരനാണ് (31) ആണ് ഇന്നലെ രാവിലെ 10.30 ഓടെ എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കൈയ്ക്ക് പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയികുയായരുന്നു. ക്യാമ്പസിലെ കരാര്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീന് തീയിടാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.
വോട്ടെണ്ണല്‍ ദിവസം രാത്രി ഏഴേമുക്കാലോടെയാണ് കളമശേരി കുസാറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തീ ആളിപടര്‍ന്നതോടെ സുബിന് ഇറങ്ങിയോടി. എടിഎമ്മിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കൈയിലും മുഖത്തും പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയുകയായിരുന്നു. കളമശേരി പോലീസിന് കൈമാറിയ പ്രതിയെ കുസാറ്റ് ക്യാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച രാത്രി എടിഎമ്മില്‍ നിന്ന് തീയും പുകയും വരുന്നത് കണ്ട ക്യാമ്പസിലെ ജീവനക്കാര്‍ ഉടന്‍ തീയണച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിന് മനപൂര്‍വം മെഷീന് തീയിട്ടതാണെന്ന് മനസിലായത്. സംഭവത്തില്‍ പണം നഷ്ടപെടുകയോ മെഷീന് കാര്യമായ കേടുപാടോ ഉണ്ടായില്ല. നേരത്തെ 2018 ല്‍ ഗുരുവായൂരമ്പലത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയതിന് അറസ്റ്റിലായ ഇയാളെ ജാമ്യത്തിലെടുക്കാന്‍ ആരും തയാറായിരുന്നില്ല. അടുത്ത കാലത്താണ് പ്രതി പുറത്തിറങ്ങിത്. തുടര്‍ന്നാണ് ഇയാള്‍ ഈ കൃത്യവും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: