കൊട്ടിയം: വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് അടച്ചു പൂട്ടിയതോടെ കൊവിഡ് വ്യാപന ഭീതിക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുന്നു.
കുരീപ്പള്ളി, പാലമുക്ക്, കണ്ണനല്ലൂര്‍, മുഖത്തല, ചേരിക്കോണം ഭാഗങ്ങളിലാണ് ശുദ്ധജലം കിട്ടാതെ ജനജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുന്നത്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ആവശ്യാനുസരണം ശുദ്ധജലം നല്‍കിയിരുന്ന കുരീപ്പള്ളി പമ്പ്ഹൗസ് ഓപ്പറേറ്റര്‍മാരെ ഒഴിവാക്കുന്നതിനായിട്ടാണ് അടച്ചത്. പകരം കണ്ണനല്ലൂരിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള ജലം വിതരണം ചെയ്യുമെന്നും വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുമുള്ള ജലം വിതരണക്കുഴലുകളിലേക്ക് വിട്ടതോടെ പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടുന്നത് പതിവായി. ആവശ്യാനുസരണം വാല്‍വുകള്‍ ഇല്ലാത്തതിനാല്‍ പൈപ്പ് പൊട്ടിയാല്‍ ജലവിതരണം പൂര്‍ണ്ണമായും നിലയ്ക്കുന്നതാണ് ഇപ്പോള്‍ അവസ്ഥ.
കുരീപ്പള്ളി പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണത്തിന് നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. കുരീപ്പള്ളിയിലെ കിണറ്റില്‍ നിന്നുള്ള ശുദ്ധജലം പമ്പ് ചെയ്ത് പാലമുക്കിലെ ജലസംഭരണിയില്‍ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. പാലമുക്കിലെ ജലസംഭരണി കാലപ്പഴക്കം കൊണ്ട് ചോര്‍ച്ചയുണ്ടായതോടെ സമീപം പുതിയ ജലസംഭരണി നണ്ടിര്മ്മിച്ച് പമ്പിംഗും നടത്തിയിരുന്നു. ഇതിനിടെയാണ് പമ്പ് ഹൗസ് അടച്ചു പൂട്ടി വാട്ടര്‍ അതോറിറ്റി ജനങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കുന്നത്.
ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നും നല്‍കുന്നത് മലിനജലം
കണ്ണനല്ലൂരിലെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വിതരണം ചെയ്യുന്നത് മലിനജലമെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. നിരവധി പേര്‍ക്ക് ഇതു കാരണം രോഗബാധയുണ്ടായതായി പഞ്ചായത്തംഗം ബിനു. പി. ജോണ്‍ അറിയിച്ചു.
വീടുകളിലെ പൈപ്പ് ലൈനുകള്‍ വരെ മാലിന്യം നിറഞ്ഞ് അടഞ്ഞു പോകുന്നതാണവസ്ഥ. കണ്ണനല്ലൂരില്‍ നിന്നുള്ള ജലവിതരണം അടിയന്തരമായി നിറുത്തിവച്ച് കുരീപ്പള്ളി പമ്പ് ഹൗസില്‍ പമ്പിംഗ് നടത്തി ജലവിതരണത്തിന് നടപടികളുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പള്ളിമണ്‍ ആറിന് സമീപം നിര്‍മ്മിച്ച വലിയ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കണ്ണനല്ലൂരിലെ ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനാണ് കോടികള്‍ ചെലവഴിച്ച് പദ്ധതിയുണ്ടാക്കിയത്. പേരയം, മുഖത്തല, കണ്ണനല്ലൂര്‍, കുരീപ്പള്ളി എന്നീ ജലസംഭരണികളിലേക്ക് അഞ്ചര മില്യണ്‍ ലിറ്റര്‍ ജലമാണ് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ഇതില്‍ കുരീപ്പള്ളിയിലെ ജലസംഭരണിയില്‍ നിന്നും വിതരണം ചെയ്യുന്ന ജലം മലിനമാണെന്നാണ് പരാതി. പ്രശ്നത്തില്‍ എത്രയും വേഗം നടപടികളുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: