പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഉറപ്പുകള്‍ പാലിക്കാത്തതില്‍ മില്ലുടമകള്‍ക്ക് ആശങ്ക. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും മില്ലുകളുമായുള്ള കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതവസാനി
ക്കുന്നതിന് മുമ്പ് കരാര്‍ പുതുക്കുന്നതിന് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നടപ്പുസീസണില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് നെല്ല് സംഭരണം ബാക്കിയുള്ളത്. മറ്റു ജില്ലകളില്‍ സംഭരണം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മില്ലുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടക്കുകയുണ്ടായി. നെല്ല് സംഭരണം തുടരണമെന്നും ഒരുമാസത്തേക്ക് താത്ക്കാലികമായി കരാര്‍ നീട്ടാന്‍ തയാറാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. എന്നാല്‍, ഇതിനുമുമ്പ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഇതുവരെയും നടപ്പിലാക്കാത്ത കാര്യം കര്‍ഷകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സത്വരനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്ന് മില്ലുടമകള്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരില്‍നിന്നും കടത്തുകൂലിയിനത്തില്‍ മില്ലുകളിലേക്ക് ലഭിക്കേണ്ട തുക മറ്റെല്ലാ സംസ്ഥാനങ്ങളും യഥാസമയം വാങ്ങുമ്പോള്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. വര്‍ഷങ്ങളായി ഈ തുക കേന്ദ്രത്തില്‍നിന്നും വാങ്ങി കര്‍ഷകര്‍ക്ക് നല്കാന് തയാറാകുന്നില്ല. ഇതുമൂലം ദുരിതമനുഭവിക്കുന്നത് മില്ലുടമകളാണ്. അതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രസ്തുത തുക കേന്ദ്രത്തില്‍നിന്നും വാങ്ങുവാനുള്ള നടപടി പൂര്‍ത്തിയാക്കേണ്ടതാണ്. പല ചര്‍ച്ചകളിലും ഇക്കാര്യം ഉന്നയിക്കപ്പെടുകയും അത് പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്യാറുണ്ട്. പക്ഷെ പരിഹരിക്കാറില്ലെന്ന് മാത്രം.
2017ല്‍ സര്‍ക്കാരും മില്ലുടമകളും തമ്മിലുണ്ടായ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തത്. ഇക്കാര്യത്തില്‍ മില്ലുടമകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ചിരിക്കുന്ന കൈകാര്യചെലവ് എത്രയും വേഗം അനുവദിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു.
കൈകാര്യ ചെലവ് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും കരാറില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും നിരവധിതവണ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാത്രമല്ല, ചര്‍ച്ചകള്‍പോലും നടന്നില്ല. ഇക്കഴിഞ്ഞ സീസണില്‍ ചര്‍ച്ച ഉണ്ടായെങ്കിലും പതിവുപോലെ പിരിഞ്ഞു. കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സപ്ലൈകോ ബോര്‍ഡ് കൂടേണ്ടതുണ്ടെന്നും അതിനാല്‍ ആദ്യസീസണിലെ നെല്ലെടുത്ത് കര്‍ഷകരെ സഹായിക്കണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ മില്ലുടമകള്‍ അതിന് തയാറാവുകയായിരുന്നു.
മറ്റെല്ലാ ആവശ്യങ്ങളും മൂന്നുമാസത്തിനുള്ളില്‍ പരിഹരിക്കാമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്. തുടര്‍ന്ന് മാത്രമെ അടുത്ത സീസണിലേക്കുള്ള കരാറില്‍ ഏര്‍പ്പെടുകയുള്ളൂ എന്നും തീരുമാനമുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സപ്ലൈകോ സ്വമേധയാ നെല്ലെടുപ്പ് പ്രക്രിയ മൂന്നുമാസത്തേക്ക് നീട്ടുകയാണ് ഉണ്ടായത്. പിന്നീടും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നുമാസത്തേക്ക് സമ്മതിക്കുകയും മില്ലുടമകളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ആറുമാസ കാലാവധി ആവശ്യപ്പെടുകയും അതിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയുമുണ്ടായി.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ മാത്രമാണ് ആറുമാസത്തെ കരാറില്‍ ഒപ്പിടാന്‍ മില്ലുടമകള്‍ തയാറായത്. എന്നാല്‍ പലതവണ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ റൈസ് മില്‍ അസോസിയേഷന് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു.
കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനെതിരെ മില്ലുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും കൈകാര്യചെലവ് നല്കുന്ന കാര്യത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് 2010 നവംബറില്‍ ഉത്തരവുണ്ടായെങ്കിലും അതും നടപ്പായില്ല. ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും ആവര്‍ത്തിച്ചത്.
തുടര്‍ച്ചയായി മില്ലുടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: