ന്യൂദല്‍ഹി: അസ്ട്രാ സെനകയുടെ കോവിഡ് വാക്സിന്റെ ഉത്പാദനം മറ്റ് രാജ്യങ്ങളില്‍ ആരംഭിക്കാന്‍ ആലോചിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓര്‍ഡര്‍ ലഭിച്ച ഡോസുകള്‍ വിതരണം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണിത്. ‘വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും’ എന്ന് അദാര്‍ പൂനെവാല ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടൈംസ്’-ന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജൂലൈയോടെ പ്രതിമാസ ഉത്പാദനം 100 മില്യണ്‍ ഡോസുകളായി ഉയര്‍ത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുമെന്ന് കഴിഞ്ഞയാഴ്ച പൂനെവാല പറഞ്ഞിരുന്നു. മെയ് അവസാനമായിരുന്നു നേരത്തേ ഇതിന് നിശ്ചയിച്ചിരുന്ന സമയപരിധി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ കോവിഡ് വാക്സിന് ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്.
ആറുമാസത്തിനുള്ളില്‍ വര്‍ഷം രണ്ടര മുതല്‍ മൂന്ന് ബില്യണ്‍ ഡോസുകള്‍ വരെയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. എട്ടുദിവസം മുന്‍പ്, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടന് വിലക്കേര്‍പ്പെടുത്തുന്നതിന് മുന്‍പ് ലണ്ടനിലേക്ക് വിമാനം കയറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: