ഇന്ന് മെയ് ഒന്ന്. സര്‍വരാജ്യ തൊഴിലാളി ദിനം. ജന്മഭൂമിയിലെ തൊഴിലാളികള്‍ക്ക് ആദ്യമായി മെയ് ഒന്ന് തൊഴില്‍ ദിനം. നിര്‍ണായക തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്നാണ് ലോക തൊഴിലാളി ദിനമെന്നതിനാല്‍ അവധിക്ക് അവധി കൊടുക്കാന്‍ തീരുമാനിച്ചതാണ് കാരണം. അല്ലങ്കില്‍ തന്നെ വിശ്വകര്‍മ്മ ദിനം തൊഴില്‍ ദിനമായി ആചരിക്കുന്ന നാട്ടില്‍ എന്ത് മെയ് ദിനം.
മെയ് ദിനാചരണത്തിനു കാരണമായ സംഭവം നടന്ന രാജ്യത്ത് മെയ് ഒന്ന്നിയമ ദിനമായിട്ടാണ് ആചരിക്കുന്നത്. മെയ ദിന സ്മാരകങ്ങള്‍ ശവക്കോട്ടയിലും പോലീസ് ഓഫീസിലും വഴിയരികത്തും ആരാലും ശ്രദ്ധിക്കാതെ പുഷ്പാര്‍ച്ചന ഏല്ക്കാന് ഭാഗ്യമില്ലാതെ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊള്ളാതെ കൊടിതോരണങ്ങളാല്‍ അലംകൃതമാകാതെ നിലകൊള്ളുന്നു.
ഞാന്‍ എഴുതിയ യാത്രാവിവരണം ” അമേരിക്ക- കാഴ്ചക്കപ്പുറം’ മെയ് ദിനാചരണത്തിന്റെ കപടത വിവരിക്കുന്നുണ്ട്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ചിക്കാഗോയില്‍ എത്തിയപ്പോള്‍ മെയ്ദിന ഓര്‍മ്മകളുടെ അവശേഷിപ്പുകള്‍ കണ്ടു.
ചിക്കാഗോയിലെ
മെയ്ദിന ചിന്തകള്‍
ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന് പ്രസംഗിച്ച സ്ഥലത്തിനു പുറമേ കാണണം എന്നാഗ്രഹിച്ച മറ്റൊന്നുകുടിയുണ്ട്.മെയ്ദിനത്തിന് കാരണമായ സംഭവങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളും സ്മാരകങ്ങളും. കണ്വെന്ഷന് മൂന്നു ദിവസം മുമ്പെ എത്തിയ എനിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് ഗീതാമണ്ഡലത്തിന്റെ പ്രസിഡന്റ് പി. രവീന്ദ്രന്റെ വീട്ടില്‍. കോട്ടയം കല്ലറ സ്വദേശിയായ രവീന്ദ്രന്റെ അച്ഛന് പ്രഭാകരന് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഇഎംഎസ്, ടി.വി.തോമസ് തുടങ്ങിയവര്‍ക്കൊപ്പം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. മെയ്ദിനത്തിനു കാരണമായ സംഭവങ്ങല്‍ നടന്നത് ചിക്കാഗോയിലാണെന്നറിയാമെങ്കിലും അതിന്റെ സ്മരണ പുലര്‍ത്തുന്ന സ്മാരകങ്ങള്‍ വല്ലതും ഉണ്ടോ എന്നറിയില്ലെന്നാണ് മറുപടി ലഭിച്ചത്. പ്രമുഖ മാര്‍ക്സിസ്റ്റ് നേതാവിന്റെ മകന് തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന്റെ സ്മരണ പുലര്‍ത്തുന്ന സ്ഥലത്തെക്കുറിച്ച് അറിയാത്ത സാഹചര്യത്തില്‍ മറ്റാരോടും മെയ്ദിനസ്മാരകങ്ങളെക്കുറിച്ച് ചോദിച്ചതുമില്ല. കണ് വെന്ഷന് സമാപിച്ച ദിവസം തന്നെ എനിക്ക് ന്യായോര്‍ക്കിലേക്ക് പോകേണ്ടി വന്നതിനാല്‍ ചിക്കാഗോയില്‍ കൂടുതല്‍ കാഴ്ചകള്‍ക്കൊന്നും സൗകര്യമുണ്ടായിരുന്നില്ല.
ഇതിനിടയിലാണ് കൈരളി ചാനലിന്റെ ചിക്കാഗോയിലെ പ്രതിനിധിയും കണ്‍വെന്‍ഷന്റെ സുവനീര്‍ കമ്മറ്റി ചെയര്‍മാനുമായിരുന്ന പ്രസന്നന്‍പിള്ള ചിക്കാഗോക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ടത്. സുവനീര്‍ പുറത്തിറക്കുന്നതിന് എന്റെ ഭാഗത്തു നിന്നും ചില സഹായങ്ങള്‍ ചെയ്തിരുന്നതിനാല്‍ പ്രസന്നനുമായി വ്യക്തിപരമായ കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നു. മെയ്ദിന സ്മരണകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ കാണാനുള്ള ആഗ്രഹം പ്രസന്നനോടും പറഞ്ഞു. കൈരളി ചാനലിന്റെ പ്രതിനിധി ആയിരുന്നിട്ടുകൂടി പ്രസന്നനും ആ സ്ഥലങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ എടുത്ത് ലോക തൊഴിലാളി വര്‍ഗ്ഗം ആവേശത്തോടെ ഓര്‍മ്മിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സ്ഥലം കാണാന്‍ പോയി.
ലോക തൊഴിലാളി ദിനമായ മെയ്ദിനത്തിന്റെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ഇതാണ്. ചിക്കാഗോയിലെ തൊഴിലാളി സംഘടനകള്‍ 1886 മെയ് ഒന്നുമുതല്‍ 6 മണിക്കൂര്‍ ജോലിക്കായി സമരം തുടങ്ങി. ചിക്കാഗോയിലെ അന്നത്തെ തൊഴില്‍ സാഹചര്യം അതികഠിനമായിരുന്നു. ദിവസം 12 മണിക്കൂര്‍ വീതം ആഴ്ചയില്‍ 6 ദിവസം ജോലിചെയ്യുന്നവരായിരുന്നു തൊഴിലാളികള്‍ അധികവും. മെയ് മൂന്നിന് സമരത്തിന്റെ ഭാഗമായ മാക കോര്‍മിക് എന്ന കമ്പനിയുടെ സമീപത്ത് യോഗം ചേര്‍ന്ന തൊഴിലാളികള്‍ക്ക് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് വെടിവച്ചു. എട്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുപറ്റി. അന്നുവൈകുന്നേരം പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധറാലി നടന്നു. പോലീസിന്റെ ശല്യം ചെയ്യലുകള്‍ ഉണ്ടായിരുന്നിട്ടും തികച്ചും സമാധാനപരമായിട്ടായിരുന്നു റാലി നടന്നത്. പിറ്റേ ദിവസം ഹേമാര്‍ക്കറ്റ്(കച്ചിച്ചന്ത) എന്ന സ്ഥലത്ത് ചേര്‍ന്ന പ്രതിഷേധയോഗത്തിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഏതാണ്ട് യോഗം അവസാനിക്കാറായപ്പോള്‍ പോലീസ് എത്തി എല്ലാവരും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. പ്രാസംഗികര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കെ പോലീസിനുനേരെ ആരോ ബോംബെറിഞ്ഞു. പോലീസ് ജനക്കൂട്ടത്തിനുനേരെ നിറയൊഴിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്ക് ഇതേവരെ തിട്ടപ്പെടുത്തിയിട്ടില്ല. ബോംബെറിഞ്ഞയാള്‍ ആരെന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തൊഴിലാളികളുടെ വീടുകളില്‍ വ്യാപകമായ റെയിഡും അതിക്രമങ്ങളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലായി. 8 നേതാക്കള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ഇതില്‍ ഒരാള്‍ മാത്രമായിരുന്നു സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. അതും പ്രാസംഗികനായി. ബോംബെറിഞ്ഞ ആളെ കണ്ടെത്താനോ കുറ്റം ചുമത്തപ്പെട്ടവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭ്യമാക്കാനോ സാധിച്ചില്ലെങ്കിലും കോടതി 8 പേരെയും വധശിക്ഷയ്ക്ക് വിധിച്ചു. ആറുപേരും ജര്‍മ്മന്‍
കുടിയേറ്റക്കാരായിരുന്നു. നാലുപേരെ 1887 നവംബര്‍ 11 ന് തൂക്കിലേറ്റി. ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. മൂന്നുപേരെ അവസാനം 1893 ല്‍ അന്നത്തെ ഗവര്‍ണ്ണറായിരുന്ന ജോണ്‍ പീറ്റര്‍ അറ്റ്ഗല്‍സ് മാപ്പു നല്കി വിട്ടയച്ചു. മതിയായ തെളിവുകളില്ലാതെ കാര്യമായ ട്രയല്‍ നടത്താതെ മുന്‍ധാരണയോടെയുള്ള വിധി പ്രഖ്യാപനമായിരുന്നു താത്പര്യയക്കാരായ ജഡ്ജിമാര്‍ നടത്തിയതെന്ന അഭിപ്രായക്കാരനായിരുന്നു ജോണ്‍പീറ്റര്‍. മാപ്പു ലഭിച്ച് മൂന്നുപേര്‍ സ്വതന്ത്രരായപ്പോള്‍ ഗവര്‍ണ്ണറുടെ പദവി തെറിക്കാനും അതിടയാക്കി.
മെയ്ദിന ഓര്‍മ്മകളുടെ അവശേഷിപ്പായി ഇന്ന് ചിക്കാഗോയില്‍ കാണാന്‍ കഴിയുന്നത് മൂന്നു സ്മാരകങ്ങളാണ്.
പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ലോബിയില്‍ സൂക്ഷിച്ചിരിക്കുന്ന 9 അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പോലീസുകാരന്റെ പ്രതിമയാണതിലൊന്ന്. കൊല്ലപ്പെട്ട പോലീസുകാരനോടുള്ള ആദരവിനായി 1889 ല്‍ സര്‍ക്കാര്‍ സ്ഥാപിച്ചതാണീ പ്രതിമ. കൂട്ടക്കുരുതി നടന്ന സംഭവ സ്ഥലത്തിനടത്തുതന്നെയായിരുന്നു പ്രതിമയുടെ സ്ഥാനം. പ്രതിമയുടെ സ്ഥാപനം ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിമയ്ക്ക് ആരോ കേടുപാടു വരുത്തി. കേടുപാട് മാറ്റി പിന്നെയും സ്ഥാപിച്ചു. 1927 ല്‍ മെയ് 4 ന് വെടിവെപ്പ് നടന്ന വാര്‍ഷിക ദിനത്തില്‍ പ്രതിമയിലേക്ക് ആരോ കാര്‍ ഇടിച്ചുകയറ്റി കാര്യമായ കേടുപാടു വരുത്തി. പുതുക്കിപ്പണിത് പിന്നെയും വെച്ചെങ്കിലും 1969 ലും 1970 ലും പ്രതിമ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. തുടര്‍ന്ന് പ്രതിമയ്ക്ക് 24 മണിക്കൂര്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 1972 ല്‍ പ്രതിമ പോലീസ് ആസ്ഥാനമന്ദിരത്തിലേക്ക് മാറ്റി. ശൂന്യമായ പ്രതിമാ പീഠം ഇപ്പോഴും കാണാം.
സംഭവസ്ഥലത്തുനിന്ന് മൈലുകള്‍ അകലെയുള്ള വാല്‍ഡ് ഹോം സെമിത്തേരിയിലെ സ്മാരകമാണ് മറ്റൊന്ന്. ജര്‍മ്മന്‍ കുടിയേറ്റക്കാരുടെതായ ഈ ശ്മശാനത്തിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയെല്ലാം അടക്കം ചെയ്തിരിക്കുന്നത്. ശവക്കല്ലറയ്ക്ക് സമീപം ആല്‍ബര്‍ട്ട് വെയ്നര്‍ട്ട് എന്ന ശില്പമുണ്ട്. 1893 ല്‍ രണ്ടാള് ഉയരമുള്ള ശില്പം രൂപകല്പന ചെയ്തിരിക്കുന്ന തൊഴിലാളികളുടെ പ്രതിനിധിയായി യുവാവിന്റെയും സമാധാനത്തിന്റെ പ്രതീകമായി സ്ത്രീയുടെയും ചിത്രം ആലേഖനം ചെയ്തിരിക്കുന്ന പ്രതിമയുടെ അടിയില്‍ ”ഞങ്ങളുടെ നിശബ്ദത ഇന്ന് നിങ്ങള്‍ അടിച്ചമര്‍ത്തിയ ഞങ്ങളുടെ ശബ്ദത്തെക്കാള്‍ ശക്തിയുള്ളതായിതീരുന്ന കാലം വരും.” എന്നും എഴുതിയിരിക്കുന്നു. തൂക്കിലേറ്റപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന ആഗസ്റ്റ് സ്പെയ്സ് വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞ വാക്കുകളാണിവ. അടുത്തയിടെ ഈ പ്രതിമയെ ദേശീയ ചരിത്ര സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വെടിവെയ്പ്പ് നടന്ന ഹേ മാര്‍ക്കറ്റ് തെരുവില്‍ സ്ഥാപിച്ച ഇരുമ്പില്‍ തീര്‍ത്ത രൂപമാണ് മൂന്നാമത്തെ സ്മാരകം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്പ്പിനെ ചിത്രീകരിക്കുന്ന സിംബോളിക് ശില്പമാണിത്. വെടിവെയ്പ് നടക്കുമ്പോള്‍ നേതാക്കള്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന വേദിയുടെ അതേ സ്ഥാനത്താണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്.
അപ്രധാനമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഈ മൂന്ന് സ്മാരകങ്ങള്‍ ഒഴിച്ചാല്‍ ആഗോളതൊഴിലാളി ദിനത്തെ ഓര്‍മ്മിക്കാന്‍ അമേരിക്കയില്‍ ഒന്നുമില്ല. സര്‍ക്കാരും, വ്യവസായ ലോകവും മുഖ്യധാര തൊഴിലാളി സംഘടനകളും മാധ്യമങ്ങളും മെയ്ദിനത്തിന്റെ യഥാര്‍ത്ഥ ചരിത്രം മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. മെയ് ഒന്ന് അവധിയായി പ്രഖ്യാപിച്ച് ഇതിനെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ റഷ്യ ശ്രമിച്ചപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ മെയ് ഒന്ന് നിയമദിനമായിട്ടാണ് പ്രഖ്യാപിച്ചത്. ഗതാഗതക്കുരുക്കില്‍ നിന്ന് ജനങ്ങളെ സംരക്ഷിച്ച് നിയമം നടപ്പാക്കിയ സംഭവം എന്നതല്ലാതെ ഒരു പ്രത്യേകതയും അമേരിക്കന്‍ ഭരണകൂടം ഇതിന് കല്‍പ്പിച്ചതുമില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഭാരതവുമൊക്കെ മെയ്ദിനം തൊഴിലാളിദിനമായി ആചരിക്കുമ്പോള്‍ അമേരിക്കയിലെ തൊഴില്‍ ദിനം പൊതുഅവധി സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയാണ്.
ന്യൂജേഴ്സിയില്‍ നടന്ന ഫൊക്കാനെ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ പ്രമുഖ ഇടതുപക്ഷ നേതാവ് ചിക്കാഗോയിലും പോയിരുന്നു. മെയ്ദിന സ്മാരകങ്ങള്‍ വല്ലതും സന്ദര്‍ശിച്ചിരുന്നോ എന്നും ചോദിച്ചപ്പോള്‍ തൊഴിലാളി വിരുദ്ധ രാജ്യമായ അമേരിക്ക അങ്ങനെവല്ല സ്മാരകവും പണിയുമോ? എന്നായിരുന്നു മറുപടി. ചിക്കാഗോയില്‍ വച്ച് പലരോടും ചോദിച്ചെങ്കിലും ഇവിടെ അത്തരം സ്മാരകം പണിയൊന്നും ഇല്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖാവ് ഇനിയും ചിക്കാഗോയില്‍ എത്തിയാല്‍ നിരാശപ്പെടേണ്ടിവന്നില്ല. ശവക്കോട്ടയിലും പോലീസ് ഓഫീസിലും
വഴിയരികത്തും ആരാലും ശ്രദ്ധിക്കാതെ പുഷ്പാര്‍ച്ചന ഏല്ക്കാന് ഭാഗ്യമില്ലാതെ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊള്ളാതെ കൊടിതോരണങ്ങളാല്‍ അലംകൃതമാകാതെ നിലകൊള്ളുന്ന മൂന്നുസ്മാരകങ്ങള്‍ കാണാം. പോലീസ് ആസ്ഥാനത്തെ പ്രതിമ കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നു വെളിപ്പെടുത്താതെ മുന്‍കൂര്‍ അനുമതി നേടണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: