ആലപ്പുഴ: ഇടതുപക്ഷം ഭരണം നടത്തുന്ന കയര്‍ഫെഡില്‍ മോഷണം പതിവ് സംഭവമാണെന്ന് എഐടിയുസി. കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രിയില്‍ ഇവിടെ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെത്തകള്‍ കടത്തിക്കൊണ്ടു പോയിരുന്നു. എന്നാല്‍ മോഷണവിവരം മൂടി വെയ്ക്കാനും, സംഭവം ലഘൂകരിക്കാനുമാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഏപ്രില്‍ 16ന് നടന്ന ബോര്‍ഡ് മീറ്റിങില്‍ സംഭവം ചര്‍ച്ചയായതോടെയാണ് മോഷണം നടത്തിയവരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.
എന്നാല്‍ പോലീസില്‍ കേസ് കൊടുക്കുവാനോ, തൊണ്ടിമുതല്‍ കണ്ടെടുക്കാനോ, കാര്യമായ അന്വേഷണം നടത്താനോ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ ദി ആലപ്പി കൊമേഴ്സ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്റ്റാഫ് അസോസിയേഷന് എഐടിയുസി പ്രതിഷേധിച്ചു. സ്റ്റോക്ക് രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. മോഷണവിവരം ചൂണ്ടിക്കാണിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയതായും യൂണിയന് കുറ്റപ്പെടുത്തി.
ഇതിന് മുന്‍പ് വെര്‍നിയര്‍ കാലിപ്പര്‍, പവര്‍ വുഡ് കട്ടര്‍, ചെമ്പുകമ്പികള്‍, ഫയര്‍സേഫ്റ്റി ഉപകരണങ്ങള്‍, ഫര്‍ണീഷിങ് തുണികള്‍, ആര്‍സിപി ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടും മാനേജ്മെന്റ് നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ ബ്ലെയിഡ് വെച്ചും കേബിള്‍ മുറിച്ചും മെഷീനുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടും കാര്യമായ അന്വേഷണവും, നടപടിയും ഉണ്ടായില്ലെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസും, സെക്രട്ടറി പി. ജ്യോതിസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: