തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനില്‍ വന്‍ തിരിമറിയും അഴിമതിയും. വാക്സിനായി രജിസ്റ്റര്‍ ചെയ്യുന്നത് വ്യാപകമായാണ് ക്യാന്‍സല്‍ ചെയ്യുന്നത്. ഇതിനു പിന്നില്‍ സ്വകാര്യമേഖലയിലെ വില്‍പ്പനയും സംസ്ഥാനത്തിന്റെ സൗജന്യ വാക്സിനേഷനിലേക്ക് വാക്സിന് മാറ്റലുമാണ് കാരണം.
ഏതാനും ദിവസങ്ങളായി രജിസ്റ്റര്‍ ചെയ്താല്‍ വാക്സിനേഷന് തൊട്ട് തലേന്ന് വൈകിട്ട് ഇത് വ്യാപകമായി ക്യാന്‍സല്‍ ചെയ്യുകയാണ്. ഇന്നലത്തേക്ക് തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും വാക്സിനേഷന് രജിസ്ട്രേഷന് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ എങ്ങും വാക്സിന് നല്‍കിയിട്ടില്ല. പകരം ക്യാന്‍സല്‍ ചെയ്ത മെസേജുകളാണ് എല്ലാവര്ക്കും ലഭിച്ചത്. കുട്ടികള്‍ക്ക് കുത്തിവയ്പ്പുള്ളതിനാലാണ് വാക്സിനേഷന് നടത്താത്തതെന്നും വാക്സിന് സ്റ്റോക്കില്ലെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം, ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ 40,000 ഡോസിനു മുകളില്‍ വാക്സിന് സ്റ്റോക്കുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകളും സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം വാക്സിന് ഇല്ലെന്നു പറഞ്ഞ് രജിസ്ട്രേഷന് വ്യാപകമായി റദ്ദാക്കുകയാണ്.
തിരുവനന്തപുരം മുദാക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാക്സിന് കേന്ദ്രത്തില്‍ ഇന്നത്തേക്ക് 100 പേര്‍ക്കാണ് രജിസ്ട്രേഷന് നല്‍കിയത്. എന്നാല്‍, വൈകിട്ടോടെ നിരവധി പേര്‍ക്ക് വാക്സിനേഷന് ക്യാന്‍സല്‍ ചെയ്തെന്ന സന്ദേശം ലഭിച്ചു. എന്നാല്‍, 100 പേര്‍ക്കുള്ള 10 കുപ്പി വാക്സിന് വാക്സിനേഷന് കേന്ദ്രത്തില്‍ എത്തി. ഇതനുസരിച്ചുള്ള ക്രമീകരണങ്ങളും ചെയ്തു. ക്യാന്‍സല്‍ ചെയ്തതായി സന്ദേശം വന്നവര്‍ക്ക് വാക്സിന് നല്‍കാനാകില്ല. അതോടെ ശേഷിക്കുന്ന വാക്സിനിലെ പൊട്ടിക്കാത്ത കുപ്പികള്‍ ബ്ലോക്ക് സെന്ററിലേക്കോ ജില്ലാ വിതരണ കേന്ദ്രത്തിലേക്കോ മാറ്റും. ഇത് പൂഴ്ത്തിവയ്ക്കും. കഴിഞ്ഞ ദിവസം എത്തിയ രണ്ടര ലക്ഷം ഡോസ് വാക്സിന് ഇന്നലെ വൈകിട്ട് വരെയും ജില്ലാ റീജ്യണല്‍ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടില്ല.
മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. അതിലേക്ക് വാക്സിന് ശേഖരിക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം വാക്സിനേഷന് തടസ്സപ്പെടുത്തുകയാണ്. സര്‍ക്കാര്‍ തലത്തില്‍ വാക്സിന് കിട്ടാതെ വരുന്നതോടെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളിലേക്ക് ഇടിച്ചുകയറും. പണം നല്കി വാക്സിനെടുക്കും.
സ്വകാര്യ ആശുപത്രികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് വാക്സിന് നല്‍കുന്നത്. ഡോസ് ഒന്നിന് 250 രൂപ. മെയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികള്‍ വാക്സിന് നേരിട്ട് വാങ്ങണം. അതും 600 രൂപ നിരക്കില്‍. നിരക്ക് കൂടുന്നതിന് മുമ്പ് മെയ് ഒന്നിനകം പരമാവധി വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് ശേഖരിച്ച് നല്‍കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി വാക്സിനേഷന് വേഗത്തിലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് മറയാക്കിയാണ് ഈ തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: