കൊവിഡിന്റെ അതിവ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലും മറ്റ് സംസ്ഥാനങ്ങളില്‍ വാക്സിന് വിതരണം സുഗമമായി നടക്കുകയാണ്. കൊവിന്‍ പോര്‍ട്ടല്‍, ആരോഗ്യ സേതു ആപ്പ്, ഉമാങ് വെബ്സൈറ്റ് എന്നിവ വഴി ലക്ഷക്കണക്കിനാളുകള്‍ സെന്ററുകള്‍ തെരഞ്ഞെടുത്ത് സമയക്രമം പാലിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമ്പോള്‍ കേരളത്തില്‍ വാക്സിനേഷന് പ്രക്രിയ പാടെ അവതാളത്തിലാണ്. പലര്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനാവുന്നില്ല. രജിസ്റ്റര്‍ ചെയ്തത് പലതും പിന്നീട് ക്യാന്‍സലായതായി സന്ദേശം ലഭിക്കുന്നു. വാക്സിനേഷന് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനകളാണിത്. ആദ്യ കുത്തിവയ്പ്പ് എടുത്തവര്‍ രണ്ടാമത്തെ ഡോസിനായി വെബ്സൈറ്റ് വഴി ശ്രമിച്ച് പരാജയപ്പെടുന്നു. സെന്ററുകളില്‍ വിളിച്ചു ചോദിക്കുമ്പോള്‍ വിവരം അറിയിക്കാം എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിക്കുന്നത്. രണ്ടാമത്തെ ഡോസ് എന്നു ലഭിക്കുമെന്നറിയാതെ പലരും ആശങ്കയിലാണ്. മെയ് ഒന്നു മുതല്‍ വാക്സിന് ലഭിച്ചു തുടങ്ങേണ്ട പതിനെട്ട് വയസ്സിന് മുകളിലുള്ളവരും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കൊവിന്‍ പോര്‍ട്ടല്‍ തകരാറിലാവുന്നു എന്ന വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ തയ്യാറാവുന്നില്ല. ദിവസങ്ങളോളം ഉപയോഗിക്കാനുള്ള സൗജന്യ വാക്സിന് കയ്യിലിരിക്കെ, വാക്സിന് ലഭ്യമാകാത്തതാണ് രജിസ്ട്രേഷന് താളം തെറ്റിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം യുക്തിരഹിതമാണ്. പരാതി പ്രളയം തന്നെ ഉണ്ടായിട്ടും ആരോഗ്യമന്ത്രാലയം ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വാക്സിന് വിതരണം അവതാളത്തിലാവാന്‍ കാരണമെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. വാക്സിനേഷന് കേന്ദ്രങ്ങള്‍ നിയന്ത്രിക്കേണ്ട ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, പോലീസ് എന്നീ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട പ്രശ്നമാണിത്. പക്ഷേ വേണ്ടത്ര സാവകാശം ലഭിച്ചിട്ടും സര്‍ക്കാര്‍ ഇതിന് ശ്രമിക്കാത്തതിന് തെളിവാണ് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ രജിസ്ട്രേഷനും തകരാറിലാവുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലാണ് കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വാക്സിനേഷന് സംബന്ധിച്ച വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത് അതത് സംസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുകയാണെന്ന് വ്യക്തമായിട്ടും നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് സ്ഥിതിവിശേഷത്തെ ഗുരുതരമാക്കിയിരിക്കുന്നത്. അനുദിനം പതിനായിരക്കണക്കിനാളുകളെ ബാധിച്ചുകൊണ്ടിരിക്കുകയും, നിരവധി പേരുടെ ജീവനെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മഹാമാരിയോട് സംസ്ഥാന സര്‍ക്കാര്‍ മാനുഷികമല്ലാത്ത സമീപനം സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്. ഭരിക്കുന്നവര്‍ അധികാര ധാര്‍ഷ്ട്യംകൊണ്ട് ഇത് അവഗണിക്കുകയാണ്.
വാക്സിനേഷന് കാര്യക്ഷമമാക്കി ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനു പകരം ഈ കഠിന കാലത്തും കേന്ദ്ര വിരുദ്ധ സമരം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇതിന് മുന്നിട്ടിറങ്ങുമ്പോള്‍ ഭരണസംവിധാനം ഒന്നടങ്കം അപമാനവീകരിക്കപ്പെടുകയാണ്. നിര്‍മാണ കമ്പനികളില്‍നിന്ന് ലഭ്യമാകുന്ന മുറയ്ക്ക് യാതൊരു പക്ഷപാതിത്വവും കാണിക്കാതെ സമയബന്ധിതമായും സൗജന്യമായും സംസ്ഥാനങ്ങള്‍ക്ക് വാക്സിന് എത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ എങ്ങനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണമുന്നണിയെ നയിക്കുന്ന സിപിഎം സമരത്തിനിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ഠിക്കുന്ന കമ്യൂണിസ്റ്റ് ശൈലി കൊണ്ടുനടക്കുന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ അദ്ഭുതപ്പെടാനില്ല. മരണം മുന്നില്‍ കാണുന്ന മനുഷ്യര്‍ക്ക് വാക്സിന് ഉറപ്പുവരുത്തുന്നതിനെക്കാള്‍ മദ്യപാനികള്‍ക്ക് വിദേശ മദ്യം എത്തിക്കുന്നതിന് ശുഷ്കാന്തി കാണിക്കുന്നവരില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പരമാവധി ജാഗ്രത പാലിച്ച് ഓരോരുത്തരും അവരവരുടെ രക്ഷ നോക്കുക മാത്രമേ ചെയ്യാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: