ന്യൂദല്‍ഹി: കൊറോണയുടെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. കൂടുതല്‍ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം രാജ്യത്തിന് ആവശ്യമാണ്. പ്രതിരോധത്തില്‍ ഏറ്റവും വലിയ സംഭാവന നല്കാന് സൈന്യത്തിനാകുമെന്നും അദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കൊറോണ ചികിത്സാകേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക. കൊറോണ പ്രതിരോധത്തില്‍ സൈന്യം സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനാണ് സംയുക്തസേനാമേധാവിയെ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് വിളിപ്പിച്ചത്.
കര,നാവിക,വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സൈന്യത്തിലെ നഴ്സിങ് ഓഫീസര്‍മാരേ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്സിജന്‍ സിലിണ്ടറുകള്‍ കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും. ഓക്സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ രംഗത്ത് സൈന്യം മുന്നിട്ടിറങ്ങുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: