തിരുവനന്തപുരം: ‘ഉത്തര്‍ പ്രദേശില്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിപിഒ യ്ക്ക് മുന്നില്‍ നടത്തുന്ന പ്രക്ഷോഭം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണേ”. കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ അഭ്യര്‍ത്ഥന ഇതായിരുന്നു.
തീവ്രവാദക്കേസില്‍ അകത്തായി യുഎപിഎ ചുമത്തപ്പെട്ടത് എങ്ങനെ അന്യായമാകും.
പത്രപ്രവര്‍ത്തകരുടെ ഏക സംഘടന എന്ന് ഊറ്റം കൊള്ളുന്നവരുടെ സംസ്ഥാന നേതാക്കള്‍ ഒരു ദിവസം മുന്‍പ് അതിലും കട്ടിയായ പ്രസ്താവന ഇറക്കി. ‘ഉത്തര്‍പ്രദേശ് പൊലീസിന്റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജീവന് രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു’ എന്നതായിരുന്നു അത്. അകത്തായത് രാജ്യദ്രോഹക്കുറ്റത്തിനാണേലും കാപ്പന് സംഘടനയുടെ ജില്ലാ സെക്രട്ടറി ആയിരുന്നതിനാല്‍ നരകയാതനയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നത് പോകട്ടെ എന്നു വെയ്ക്കാം. പക്ഷേ ജമാ അത്ത് ഇസ്ളാമി പത്രത്തിന്റെ പ്രതിനിധി പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പത്രത്തിലെ ജീവനക്കാരന് ജനറല്‍ സെക്രട്ടറിയുമായ സംഘടന ഇറക്കിയ പത്രക്കുറിപ്പില്‍ തുടര്‍ന്നു പറയുന്നു. രാജ്യാന്തര തലത്തില്‍ അടക്കം വിഷയം കൂടുതല്‍ സജീവ ചര്‍ച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിന് നടത്തും എന്ന്. മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സാഹിത്യ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കാമ്പയിനില്‍ അണിചേരണമെന്നാണ് അഭ്യര്‍ഥന.എന്തിനാണ് അന്താരാഷ്ട്ര പ്രചാരണം എന്നതിന് ഉത്തരം പറയാന്‍ ജിഹാദി- കമ്മ്യൂണിസ്റ്റ് കുട്ടുകാര്ക്ക് ബാധ്യതയുണ്ട്.
യുണിയന്‍ പത്രക്കുറിപ്പ് ഉറക്കിയ ഉടന്‍ , കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോവിഡ് ബാധിതനായ സിദ്ധിഖിനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്ലെറ്റില് പോകാന്‍ പോലും അനുവദിക്കുന്നില്ല. എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഫേസ് ബുക്കില്‍ വിലപിച്ചു.
സിദ്ദിഖ് കാപ്പന് വേണ്ടി നേരിട്ടിടപെടണം എന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
മഥുരയില്‍ ആശുപത്രിയില്‍ കഴിയുന്ന കാപ്പന് 5 ദിവസമായി കക്കൂസില്‍ പോകുന്നില്ല എന്ന് മലപ്പുറത്തിരുന്ന് ഭാര്യ റെയ്ഹാന മാധ്യമങ്ങളോടു പറഞ്ഞതാണ് പെട്ടന്നുള്ളു തുള്ളലുകള്‍ക്കെല്ലാം കാരണം.
സിദ്ദിഖ് കാപ്പന് ഉചിതമായ ചികിത്സ കിട്ടണം… ‘പത്രപ്രവര്‍ത്തക’ന് ന്യായമായി ലഭിക്കേണ്ട പ്രത്യേകപ്രിവിലേജ് എന്ന നിലയില്‍ ഉള്ള അധികപരിഗണന നല്‍കിക്കൊണ്ട് അല്ല.
രാജ്യത്തുള്ള ഏതൊരു പൗരനും ലഭ്യമാകുന്ന തരത്തില്‍ ഉള്ള, അതുമല്ലെങ്കില്‍ മഥുര ജയിലില്‍ കിടക്കുന്ന രോഗബാധിതനായ ഏതൊരാള്‍ക്കും സ്വാഭാവികമായും ലഭിക്കേണ്ട അടിസ്ഥാനവൈദ്യസഹായങ്ങളും ചികിത്സകളും എല്ലാം സിദ്ദിഖ് കാപ്പന് ലഭ്യമാക്കണം.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയ – കാപ്പനെ നിയോഗിച്ചവരായ വമ്പന്മാരെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചുമുള്ള അന്വേഷണത്തില്‍ നിര്‍ണായകഘടകം ആണ് കാപ്പന്. എന്നതിനാല്‍ കാപ്പന്റെ ചികിത്സയില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പ്രത്യേക പരിഗണനയും അതീവ ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട് . കാപ്പനുമായി ബന്ധപ്പെട്ട വിഘടനവാദപ്രവര്‍ത്തനത്തിനുള്ള പണമിടപാടില്‍ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിനെ മാത്രമേ ഇതുവരെ പിടികൂടിയിട്ടുള്ളൂ. ‘അജ്ഞാതകാരണ’ങ്ങളാല്‍ അവിടുന്നങ്ങോട്ടുള്ള അന്വേഷണം ഗതിമുട്ടി
പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഡല്‍ഹി – ഉത്തരേന്ത്യന്‍ പദ്ധതി’കളില്‍ ആദ്യാവസാനക്കാരന് അല്ല കാപ്പന്. നടത്തിപ്പുകാരില്‍ ഒരാള്‍ മാത്രമാണ്. എന്നാല്‍ ആദ്യാവസാനക്കാരെ എല്ലാം കൃത്യമായി അറിയുന്ന ആള് ആണ് കാപ്പന്. കാപ്പനിലൂടെ വിഘടനവാദസംഘടനയുടെ ‘സഹായവും’ ‘സൗമനസ്യവും’ ആവോളം അറിഞ്ഞിട്ടുള്ള വിവിധ മേഖലകളില്‍ ഉള്ളവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും കാപ്പന്, ‘വെറും മാധ്യമ പ്രവര്ത്തകന്’ മാത്രമാണ് എന്ന് ‘സ്ഥിരീകരിക്കാന്‍’ പരിശ്രമിക്കുകയാണ്. നിര്‍ണായകപദവിയില്‍ ഇരിക്കുന്നവര്‍ വരെയുള്ള ഈ ഗണം ‘ഉദ്ദിഷ്ടകാര്യത്തിലെ ഉപകാരസ്മരണയുള്ളവര്‍’ എന്നത് പോലെ അന്വേഷണം കടുപ്പിച്ചാല്‍ തങ്ങളില്‍ എത്തുമോ എന്നുള്ള ഭീതിയുള്ളവരും ആണ്. അതിലുപരി സഹജീവിസ്നേഹമോ മാനുഷീകനിലയോ ആണ് ഇവരുടെ ‘കാപ്പന്‍നിലവിളി’യ്ക്കു പിന്നില്‍ എന്ന് വിശ്വസിക്കുവാന്‍ സാഹചര്യത്തെളിവുകള്‍ തടസ്സം നില്ക്കുന്നു.
കാപ്പന് ‘പ്രത്യേകചികിത്സ’ കിട്ടണം. ഈ ആവശ്യം തല്പരകക്ഷികള് ഏറെക്കുറേ വിജയത്തില്‍ എത്തിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് അങ്ങനെ ഒരു ‘ദിശ’യില്‍ മാത്രം ചുരുങ്ങേണ്ടതല്ല എന്ന തിരിച്ചറിവില്‍ വിരിയുന്ന രാഷ്ട്രീയകൗശലമാണ് കക്ഷി രാഷ്ട്രീയഭേദമെന്യേ മന്ത്രിമാരും നേതാക്കളുമെല്ലാം യോഗി ആദിത്യനാഥിനും ചീഫ് ജസ്റ്റിസിനും കത്തുകള്‍ എഴുതാനുള്ള അന്ത:ചോദന എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: