കൊറോണ വാക്സിനേഷന് വളരെ ഫലപ്രദമായി നടക്കുമ്പോഴും, നിരവധി പോസിറ്റീവ് കേസുകള്‍ ഇന്നും തുടരുമ്പോഴും കൊറോണ കൊണ്ട് നേട്ടമുണ്ടാക്കിയ നിരവധി വ്യക്തികളുണ്ട്. എല്ലാവരും ഗോ കൊറോണ ഗോ കൊറോണ എന്ന് തമാശ രൂപത്തില്‍ പറഞ്ഞിരുന്ന സമയത്തും വളരെ സീരിയസ്സായി സ്വന്തം തൊഴിലിനെ മുന്നോട്ടു കൊണ്ടുപോയ നിരവധി പേര്. അതില്‍ ഒരാളാണ് എടപ്പാള്‍ സ്വദേശിനിയും ലേഡീസ് ഫിറ്റ്നെസ് ട്രെയിനര്‍ കൂടിയായ വൈഷ്ണ.
കൊറോണ ദുരന്തത്തോടൊപ്പം ഭാഗ്യം കൂടി കൊണ്ടുവന്നു എന്നു പറയും വൈഷ്ണ. കാരണം ഫിസിയോതെറാപ്പിസ്റ്റ് കൂടിയായ വൈഷ്ണ ഏറ്റവുമധികം സമയം തന്റെ തൊഴിലിനായി മാറ്റി വച്ചത് ഈ കൊറോണ സമയത്താണ്. വൈറസ് വരും മുന്‍പ് അഡ്മിഷന് എടുത്തിരുന്നതിനേക്കാള്‍ എത്രയോ പേരാണ് കൊറോണ സമയത്ത് വൈഷ്ണയുടെ ഫിറ്റ്നസ് മന്ത്രമറിയാന് ഓണ്‍ലൈന്‍ വഴി ക്ലാസ്സിന് ചേര്‍ന്നത്. അതുകൊണ്ട് കൊറോണയെന്ന് കേള്‍ക്കുമ്പോള്‍ അത്ര പേടിയില്ല ഈ വുമണ്‍ എന്റര്പ്രണറിന്. എന്നാല്‍ ഈ പോസിറ്റീവ് കാലഘട്ടത്തിലും വൈഷ്ണയ്ക്ക് പറയാന്‍ നിറയെ കാര്യങ്ങളുമുണ്ട്.
മലപ്പുറം ജില്ലയില്‍ എടപ്പാള്‍ ടൗണില്‍ത്തന്നെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന ഗ്രീന്‍ ലേഡി എന്ന ഡയറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാര്‍ട്ണര്‍ കൂടിയായ വൈഷ്ണ ഇക്കഴിഞ്ഞ കൊറോണ സീസണില്‍ നേടിയെടുത്ത ആത്മവിശ്വാസം അത്രത്തോളമാണ്. ഏറ്റവും ഭാഗ്യം കൊണ്ടുവന്ന ദിനങ്ങള്‍ ഈ കൊവിഡ് കാലം ആണെന്ന് വൈഷ്ണ പറയുന്നു. പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഡെലിവറി കഴിഞ്ഞും വയര്‍ പോകാതെ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട് നില്ക്കുന്ന സ്ത്രീകളെയാണ്. അത്തരം സ്ത്രീകള്‍ അനുഭവിക്കുന്ന ഡിപ്രഷന് ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അത്തരം ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഇന്ന് വൈഷ്ണയും ടീമും വലിയൊരു ആശ്വാസമാണ്. കൃത്യമായി ചെയ്തു തുടങ്ങിയാല്‍ മൂന്നു മാസംകൊണ്ട് നല്ല മാറ്റം വരുത്തുന്ന ട്രെയിനിങ് രീതികളാണ് വൈഷ്ണയുടേത്. ഡെലിവറി കഴിഞ്ഞ ഉടന്‍ വരുന്ന സ്ത്രീകളും പൊതുവെ തടിച്ച പ്രകൃതമുള്ള സ്ത്രീകളും വര്‍ഷങ്ങളായി ശരീരം അമിതമായി തടിച്ചവരും കോഴ്സിന് ചേരുന്നുണ്ട്.
ഓരോരുത്തര്‍ക്കും അവരുടെ വയര്‍, ശരീര പ്രകൃതി എന്നിവയനുസരിച്ചുള്ള സമയം എടുക്കും. പൊതുവെ നമ്മുടെ ഭക്ഷണരീതി തന്നെയാണ് വില്ലന്‍. അമിതമായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഒരു പരിധി കഴിയുമ്പോഴായിരിക്കും സ്വന്തം ശരീരത്തെക്കുറിച്ച് ശ്രദ്ധിക്കുക. പിന്നീട് പെട്ടെന്ന് കുറയ്ക്കണം എന്ന ചിന്തയായിരിക്കും. എന്നാല്‍ അത് നടക്കില്ല. എന്ത് കാര്യത്തിനും ഒരു റിസള്‍ട്ട് ഉണ്ടാകാന്‍ സമയം എടുക്കുമല്ലോ. അത് ഇവിടെയും എടുക്കും. അബ്ഡൊമിനല് ബ്രീത്തിങ് എക്സര്‍സൈസ്, കീഗല്‍സ് എക്സര്‍സൈസ് ഇവ രണ്ടുമാണ് ഏറ്റവും നിര്‍ബന്ധമായി ട്രെയിനിങ് കൊടുക്കുന്ന പ്രധാന കാര്യങ്ങള്‍. മാത്രമല്ല മോണിങ് വാക്ക് ചെയ്യുന്നത് പോലെ തന്നെ നിര്‍ബന്ധമാണ് രാത്രി ഭക്ഷണശേഷം 15 മിനുട്ട് എങ്കിലും നടക്കുക എന്നത്. അതും ട്രെയിനിങ്ങിന്റെ ഭാഗമാണ്. പ്രസവ രക്ഷ ചെയ്യുന്ന പല സ്ത്രീകളും രുചിക്കുവേണ്ടി മധുരമോ നെയ്യോ അധികമായി ഉപയോഗിക്കുന്നത് തടി വര്‍ദ്ധിക്കാന്‍ ഇടയാക്കും. അതിനാല്‍ മധുരം കുറയ്ക്കാനും നിര്‍ദ്ദേശിക്കാറുണ്ടെന്ന് വൈഷ്ണ പറയുന്നു.
ഓണ്‍ലൈന്‍ കോഴ്സിന് നിരവധി പേരാണ് ഈ കാലയളവില്‍ ചേര്‍ന്നത്. നേരിട്ട് സെന്ററില്‍ എത്തുന്നതിലും ഇരട്ടിയായിരുന്നു ഓണ്‍ലൈന്‍ അഡ്മിഷന് എടുത്തവരുടെ എണ്ണം. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓരോരുത്തര്‍ക്കും പ്രത്യേക ട്രെയിനിങ് കൊടുത്ത് ദിവസേന ഫോളോ അപ് ചെയ്ത് കൊണ്ടുള്ള വൈഷ്ണയുടെ ട്രെയിനിംഗ് സെഷനില്‍ എല്ലാവരും സംതൃപ്തരാണ്. ഏകദേശം മുന്നൂറിലധികം പേര്‍ക്കാണ് കൊറോണ കാലഘട്ടത്തില്‍ മാത്രം വൈഷ്ണ പരിശീലനം നല്‍കുകയും റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തത്. ആവശ്യമുള്ളവര്‍ക്ക് പേഴ്സണല്‍ പരിശീലനവും സൈക്കോളജിസ്റ്റ് സേവനവും നല്‍കാറുണ്ട്. ചുരുക്കത്തില്‍ കൊറോണ വന്നതിനാല്‍ ജീവിത സാഹചര്യം മൊത്തത്തില്‍ ഒന്ന് മിനുക്കിയെടുക്കാനായി എന്ന സന്തോഷത്തിലും, അതിലേറെ ആത്മവിശ്വാസത്തിലുമാണ് യുട്യൂബര്‍ കൂടിയായ ഈ വനിത. ശരത് സുരേഷാണ് ഭര്‍ത്താവ്. മകന് ആര്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: