അമ്പലപ്പുഴ: നിയമ വിരുദ്ധമായി രൂപ മാറ്റം വരുത്തി അന്തരീക്ഷ, ശബ്ദമലിനീകരണമുണ്ടാക്കിയ ആഡംബര കാര്‍ പിടിച്ചെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അജേഷിന്റെ ഫോക്സ് വാഗന് കാറാണ് ആര്‍ടിഒ പി.ആര്സുരേഷിന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്. കാറിന്റെ സൈലന്‍സര്‍ മാറ്റിയ ശേഷം മറ്റൊരു കമ്പനിയുടെ സൈലന്‍സര്‍ ഘടിപ്പിച്ചതോടെ ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു കാറോടുമ്പോള്‍ ഉണ്ടായിരുന്നത്.
കൂടാതെ കാറിന്റെ ടയറുകളുടെ വീല്‍ ബെയ്സ് ഇളക്കി മാറ്റി പകരം ഘടിപ്പിക്കുകയായിരുന്നു. വാഹനം അടിമുടി രൂപ മാറ്റം വരുത്തുകയായിരുന്നു.നാട്ടുകാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഇന്നലെ ഉദ്യോഗസ്ഥര്‍ യുവാവിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് അന്തരീക്ഷ മലിനീകരണത്തിന് കാരണമായ രീതിയില്‍ അമിതമായി പുക പുറത്തേക്ക് തള്ളുന്നുവെന്നും കണ്ടെത്തി. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു. കൂടാതെ ഗ്ലാസുകളില്‍ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നു.
ആകെ 18,500 രൂപ യുവാവില്‍ നിന്ന് പിഴയീടാക്കിയതായി മോട്ടേര്‍ വാഹന വകുപ്പ് അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ വാഹനം പഴയ രീതിയിലാക്കി മലിനീകരണ നിയന്ത്രണ തരത്തിലാക്കണമെന്നും ഇല്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനം വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശരണ്‍ കുമാര്‍, അനു.കെ.ചന്ദ്രന്, മുജീബ് റഹ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: