ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി
കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനെതിരെ രാഷ്ട്രം പോരാടുമ്പോള്‍, പല മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ റിപ്പോര്‍ട്ടുകളിലൂടെ ജനവികാരം കേന്ദ്ര ഗവണ്മെന്റിനെതിരായി തിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അവര്‍ക്ക് വീണു കിട്ടിയ ഒരു പിടിവള്ളിയാണ് രാജ്യവ്യാപകമായി ഉണ്ടെന്നു ‘പറയപ്പെടുന്ന’ ഓക്സിജന്‍ അഥവാ പ്രാണവായുവിന്റെ ക്ഷാമം. രണ്ടു പ്രധാന ഹൈക്കോടതികള്‍ -മഹാരാഷ്ട്രയും ഡല്‍ഹിയും ഇക്കാര്യത്തില്‍ നടത്തിയ ഇടപെടലുകളും പരാമര്‍ശങ്ങളും വ്യാപക ചര്‍ച്ചയാവുകയും ചെയ്തു.
ഇതു സംബന്ധിച്ച യാഥാര്ത്ഥ്യമെന്തെന്നു പരിശോധിച്ചു നോക്കാം. ഭാരതം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ വേണ്ടതിലധികം ഉല്പാദിപ്പിക്കുന്ന ഒരു രാഷ്ട്രമാണ്. കോവിഡ് മഹാമാരിക്കു മുമ്പ് സാധാരണ ഗതിയില്‍ പ്രതിദിനം ഏതാണ്ട് 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായിരുന്നെങ്കില്‍, കോവിഡിന്റെ ആദ്യ വേവിന്റെ സമയത്ത് അത് 2800 മെട്രിക് ടണ്ണോളമായി ഉയരുകയും വളരെ ഫലപ്രദമായി തന്നെ നാം ആ അധിക ആവശ്യം നിറവേറ്റുകയും ചെയ്തു. ഈ അധിക ആവശ്യം പിന്നീട് ചുരുങ്ങി വരികയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും ഉയര്‍ന്ന് പ്രതിദിനം 5000 മെട്രിക് ടണ്ണിനു മുകളിലായി. നമ്മുടെ ഉല്‍പ്പാദനശേഷിയാവട്ടെ 7000 മെട്രിക് ടണ്ണിനു മുകളിലേക്ക് (7127 എം.ടി) ഉയര്‍ത്തുകയും ചെയ്തു. ഗവണ്മെന്റ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുക, ഉള്ളവയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ മെഡിക്കല്‍ ഉപയോഗത്തിനായി വഴിതിരിച്ചുവിടുക, കയറ്റുമതി നിരോധിക്കുക തുടങ്ങി സാധ്യമായ എല്ലാ വഴികളും ഇതിനായി ഉപയോഗിക്കുകയുണ്ടായി. ഓക്സിജന്‍ സംഭരണശേഷിയാവട്ടെ അരലക്ഷം മെട്രിക് ടണ്ണിനു മുകളില്‍ എത്തിക്കുകയും ചെയ്തു.
ഇതിനിടയില്‍ മറ്റൊരു വാദഗതിയും ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിപ്പിക്കപ്പെട്ടു. രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഓക്സിജനില്‍ എതാണ്ട് 2500 മെട്രിക് ടണ്ണോളം ഇപ്പോഴും അവശ്യ സര്‍വീസുകളായ ഏതാണ്ട് ഒന്‍പതോളം വ്യവസായങ്ങള്‍ (ചില മെഡിക്കല്‍, പെടോളിയം വ്യവസായങ്ങളും, ന്യൂക്ലിയാര്‍ പ്ലാന്റ് തുടങ്ങിയവയും) ഉപയോഗിയ്ക്കുന്നുവെന്നാണ് അവരുടെ പരാതി. എന്നാല്‍ ഇതു സംബന്ധിച്ച് ഓദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല). ഒരു കാര്യം വ്യക്തമാണ്. ഓക്സിജന്‍ ഉല്പാദനത്തിലെയും ഉപഭോഗത്തിലെയും വിടവ് (അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍) അത് നികത്തുന്നതിന് രാജ്യത്തെ പ്ലാന്റുകളുടെ സംഭരണശേഷി കണക്കാക്കി ഏതാണ്ട് അരലക്ഷം എം.ടി മെഡിക്കല്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചു.
എന്നാല്‍ ഇപ്രകാരം അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിജന്‍ സമയബന്ധിതമായി പോയിന്റ് ഓഫ് കെയര്‍ – അതായത് രോഗിയുടെ മാസ്ക് അഥവാ വെന്റിലേറ്ററിന് അടുത്തുവരെ എത്തുന്നതിന് പല പ്രായോഗിക വൈഷമ്യങ്ങളും സര്‍ക്കാര്‍ നേരിട്ടു. ഒന്നാമതായി മെഡിക്കല്‍ ഓക്സിജന്റെ വിപണനവും ട്രാന്‍സ്പോര്‍ട്ടേഷനും കേന്ദ്ര ഗവ നേരിട്ട് നിയന്ത്രിച്ചിരുന്നില്ല. പല ഉല്പാദകരും തങ്ങളുടെ ഉപഭോക്താക്കളുമായി (ആശുപത്രികളടക്കം) നേരിട്ട് ഇടപെടുകയായിരുന്നു പതിവ്.
കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പല സംസ്ഥാന സര്‍ക്കാരും ആഭ്യന്തര ആവശ്യത്തിനായി ഓക്സിജന്‍ അധികമായി സൂക്ഷിക്കുവാന്‍ ഉല്പാദകരോട് ആവശ്യപ്പെടുകയും (ഉദാ. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന), അത് മറ്റു ചില സ്റ്റേറ്റുകളില്‍ ഓക്സിജന്‍ ക്ഷാമത്തിനു കാരണമാകുകയും ചെയ്തു. ആശുപത്രികളും ഡല്‍ഹി സര്‍ക്കാരും സ്വഭാവികമായി കോടതിയുടെ ഇടപെടല്‍ തേടുകയും ചെയ്തു. (ഇക്കാര്യത്തില്‍ ഡല്‍ഹി ഗവണ്മെന്റിന്റെ കെടുകാര്യസ്ഥത ഞെട്ടിക്കുന്നതാണ്. പിഎം കെയര്‍ ഫണ്ടില്‍ നിന്നും തുകയനുവദിച്ച 8 പിഎസ്എ, ഓക്സിജന്‍ പ്ലാന്റുകളില്‍ ഒന്നു മാത്രമാണ് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്).
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം മെഡിക്കല്‍ ഓക്സിജന്റെ വിതരണം കേന്ദ്രം നേരിട്ട് നിര്‍വഹിക്കുവാന്‍ തീരുമാനിക്കുകയും അതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. വിവിധ സ്റ്റേറ്റുകളെയും, വ്യാവസായിക ഓക്സിജന്റെ നിര്‍മ്മാതാക്കളുടെ പ്രതിനിധികളെയും റോഡ് ട്രാന്‍സ്പോര്‍ട്ട്, റെയില്‍വേ തുടങ്ങിയവയും ഈ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് മെഡിക്കല്‍ ഓക്സിജന്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് സര്‍ക്കാര്‍ നീക്കവും തുടങ്ങി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ‘ഗ്രീന്‍ കോറിഡോര്‍’
വഴിയായി റെയില്‍ മുഖാന്തിരം ദ്രവീകൃത ഓക്സിജന്‍ ടാങ്കറുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതീയ വ്യോമസേനയുടെ പ്രധാനട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ കാലിയായ ടാങ്കറുകള്‍ തിരികെ പ്ലാന്റുകളിലേക്ക് എത്തിക്കുവാന്‍ സഹായിക്കുന്നു.
തീര്‍ച്ചയായും കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തിനൊരു ദുര്‍ഘട പ്രതിസന്ധിയാണ്. നമ്മുടെ ഭരണനേതൃത്വത്തെ വിശ്വാസത്തിലെടുത്ത് നമുക്ക് ഒന്നായി ഇതിനെതിരായി പോരാടാം. തെറ്റായതും പരിഭ്രാന്തിയുളവാക്കുന്നതുമായ വാര്‍ത്തകളുടെ വാഹകരാകാതിരിക്കാം. ജ്ഞാനിയായ ബീര്‍ബല്‍ തന്റെ ചക്രവര്‍ത്തിക്കു കൈമാറിയ സന്ദേശം – ”ഈ കാലവും കടന്നു പോകും” നമുക്കു പരസ്പരം കൈമാറാം ….
‘ഓം സര്‍വേ സന്തു നിരാമയ: ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: