കൊച്ചി: ഉദയംപേരൂര്‍ നടക്കാവില്‍ വാടക വീട്ടില്‍ നിന്ന് കള്ളനോട്ട് പിടികൂടിയ കേസ്സില്‍ കൂട്ടുപ്രതികളെ ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോയമ്പത്തൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഉക്കടം അല്അമീന് കോളനിയില്‍ സെയ്ദ് സുല്‍ത്താന്‍ (32), കോയമ്പത്തൂര്‍ സാറമേട് വള്ളാല്‍ മേട് അഷറഫ് അലി (29), തൃശൂര്‍ ചാവക്കാട് സീന മന്‍സിലില്‍ റഷീദ് (40) കോയമ്പത്തൂര്‍ കറുപ്രിയല്‍ കോവില്‍ വസന്ത നഗര്‍ സ്ട്രീറ്റില്‍ അസറുദ്ദീന് (29), കോയമ്പത്തൂര്‍ കുറുമ്പോട് കാട് പള്ളി സ്ട്രീറ്റ് നമ്പര്‍ 3/28 ല്‍ റിസാദ് (30) എന്നിവരാണ് പിടിയിലായത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ 8550 രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ മാസം നടക്കാവില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന 28ന് പ്രിയന്‍കുമാറിനെ (36) 2000 ന്റെ 86 നോട്ടുകളുമായി അറസ്റ്റു ചെയ്തിരുന്നു. പ്രിയന് കുമാറിന്റെ ഭാര്യയുടെ ബന്ധുവായ ചവറ പന്മന കണ്ണങ്കര ഭാഗം വാവ സദനത്തില്‍ ധന്യ (33), ധന്യയുടെ ഭര്‍ത്താവ് വിദ്യാധരന് (42) പ്രിയന് കുമാറിന് കള്ള നോട്ട് നല്‍കിയിരുന്ന ഇടനിലക്കാരന് ചെട്ടിതോട്ടത്തില്‍ ചാലക്കുടി സ്വദേശി വിനോദിനെയും ഉദയംപേരൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിനോദില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേര്‍ കൂടി പിടിയിലായത്. നോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിച്ച പ്രിന്റര്‍, കമ്പ്യൂട്ടര്‍, പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: