ആലക്കോട്: ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിലെ രണ്ട് പ്രമുഖ നേതാക്കളുടെ തമ്മിലടി തെരുവിലേക്ക്. 35 വര്‍ഷത്തിലേറെയായി എ ഗ്രൂപ്പിന്റെ കൈയ്യിലിരുന്ന ഇരിക്കൂര്‍ മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനും എ, ഐ ഗ്രൂപ്പുകള്‍ പരസ്പരം മത്സരിച്ചത് ഏറെ വിവാദമായിരുന്നു. ഐ ഗ്രൂപ്പിലെ അഡ്വ. സജി ജോസഫായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ വ്യാജപേരിലുള്ള ഫെയ്സ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഇരിക്കൂറില്‍ എ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവമാണ് കോണ്‍ഗ്രസ്സില്‍ വീണ്ടും വിവാദമായത്.
ഫെയ്സ് ബൂക്ക് കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ച ഐപി അഡ്രസ്സിലുള്ളത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ പി.ടി. മാത്യുവിന്റെ ലാന്റ് ഫോണ്‍ നമ്പറാണ്. പി.ടി. മാത്യുവിനെയും സോണി സെബാസ്റ്റ്യനെയുമാണ് അവസാനഘട്ടം വരെ എ ഗ്രൂപ്പ് പരിഗണിച്ചത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനിടയില്‍ എ ഗ്രൂപ്പിനായി കോണ്ഗ്രസ്സുകാര് തെരുവിലിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് വിവാദ എഫ്ബി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നേതാക്കള്‍ ഇടപെട്ട് വിഷയം മൂടിവെക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്നം അണികളിലേക്കെത്തുകയായിരുന്നു. മാര്‍ച്ച് 3 മുതലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ആലക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജോണ്‍ ജോസഫ് എന്നയാളുടെ പേരില്‍ ക്രിസ്തുവിന്റെ ചിത്രം വെച്ചാണ് പ്രൊഫൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സോണിയാഗാന്ധി മുതല്‍ കെ.സി. ജോസഫ് വരെയുളള ഉന്നത നേതാക്കളെ ടാഗ് ചെയ്ത് പ്രചാരണം നടത്തിയ സംഭവം കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സഹകരണസംഘം കൊപ്രസംഭരണത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ സംഭവത്തില്‍ സൊസൈറ്റി ഭാരവാഹികളുടെ പേരില്‍ വിജിലന്‍സ് കേസുണ്ട്.
തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് ഏപ്രില്‍ 28ന് കോടതി പരിഗണിക്കുന്നുണ്ടെന്നും അഴിമതിവീരനായ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും കാണിച്ചാണ് എഫ്ബിയില്‍ പോസ്റ്റിട്ടത്. വിജിലന്‍സ് കേസിന്റെ പകര്‍പ്പും കോടതി ഉത്തരവിന്റെ പകര്‍പ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് സോണി സെബാസ്റ്റ്യന്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്. സോണിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനാണ് ചിലര്‍ വ്യാജപ്രചാരണം നടത്തിയതെന്നാണ് കരുതുന്നത്. ആലക്കോട് പോലീസ് പി.ടി. മാത്യുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. എ ഗ്രൂപ്പിലെ തമ്മിലടി തെരുവിലെത്താനുള്ള സാധ്യത ഏറെയാണ്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെടുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: