അഞ്ചല്‍: ഭാരതീപുരം പള്ളിമേലതില്‍ ഷാജിപീറ്ററിന്റെ കൊലപാതക വിവരം പുറത്തായത് കുടുംബ വഴക്കിനിടെ. 2018 തിരുവോണത്തിന് മദ്യലഹരിയിലായ ഷാജിപീറ്റര്‍ വീട്ടിലെത്തി അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പറയപ്പെടുന്നു. ഇത് ചോദ്യം ചെയ്ത സഹോദരന്‍ സജിന്‍ പീറ്ററുമായി ഉണ്ടായ അടിപിടിക്കിടെയാണ് ഇയാള്‍ മരണപ്പെടുന്നത്. അടിയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം.
രണ്ട് വര്‍ഷത്തിലധികം രഹസ്യമായി സൂക്ഷിച്ച കൊലപാതക രഹസ്യം പുറത്തറിയുന്നത് അടുത്തിടെ നടന്ന അമ്മായിയമ്മ-മരുമകള്‍ പോരിനിടെയാണ്. കൊല്ലപ്പെട്ട ഷാജിയുടെ അമ്മ പൊന്നമ്മയുടെ സഹോദരീ പുത്രന്‍ റോയി ഒരു കേസില്‍പെട്ട് ഭാരതീപുരത്ത് ഒളിവില്‍ താമസിച്ചിരുന്നു. ഈ സമയം പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടല്‍ ‘നീ എന്റെ ഒരു മോനെ കൊന്ന് കുഴിച്ചിടീച്ചില്ലേ..’ എന്ന ചോദ്യത്തില്‍ നിന്നാണ് റോയിക്ക് ഷാജിയുടെ തിരോധാനം കൊലപാതകം ആണോ എന്ന സംശയം ഉയര്‍ന്നത്.
ഈ സംഭവം ഇയാള്‍ ഇവരെ വ്യക്തിപരമായി ചൂഷണം ചെയ്യാന്‍ ഉപയോഗിച്ചു. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ റോയി പത്തനംതിട്ട ഡിവൈഎസ്പി ഓഫീസില്‍ പരാതിയുമായി എത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
എല്ലാവരും കരുതിയത് ഷാജി ഒളിവിലാണെന്ന് !
കൊല്ലപ്പെട്ട ഷാജിപീറ്റര്‍ കേസില്‍പ്പെട്ട് ഒളിവിലാണെന്ന ധാരണയില്‍ ആയിരുന്നു നാട്ടുകാരും സുഹൃത്തുക്കളും. മോഷണക്കേസുകളില്‍ പ്രതിയായ ഷാജിയെ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏരൂര്‍ പോലീസ് സംശയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്. സ്വാഭാവികമായി ഇയാള്‍ ഈ കേസുമായി ബന്ധപ്പെട്ടു ഒളിവില്‍ പോയതാകാമെന്നാണ് പോലീസും നാട്ടുകാരും കരുതിയത്.
ഇതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഒളിവിലാണെന്നാണ് വീട്ടുകാരും പ്രചരിപ്പിച്ചത്. ഷാജിക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതിനാലും ഇത്തരം സംഭവങ്ങള്‍ക്കു ശേഷം സ്ഥലത്ത് നിന്ന് മാറിനില്‍ക്കുന്നതിനാലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. കൊലപാതകം ആണെന്ന് ആദ്യം വാര്‍ത്ത പ്രചരിച്ചപ്പോഴും ഷാജിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും സംശയം തോന്നിയില്ല. നാട്ടില്‍ നിന്നു മുങ്ങി പിന്നീട് മടങ്ങി വരുന്ന സ്വഭാവം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ മടങ്ങി വരുമെന്ന് തന്നെയാണ് സുഹൃത്തുക്കളും കരുതിയത്.
കൊലചെയ്ത ശേഷം മണിക്കൂറുകള്‍ കാത്തിരുന്നു…
വഴക്കിനിടെ അടിയേറ്റു വീണ ഷാജിപീറ്ററിന്റെ മരണം അമ്മയും ഷാജിയുടെ സഹോദരനും ഉറപ്പിച്ചെങ്കിലും മൃതദേഹം കുഴിച്ചിടാന്‍ ഇവര്‍ നാലു മണിക്കൂറിലേറെ സമയം കാത്തിരുന്നു. ഉച്ച കഴിഞ്ഞു രണ്ടോടെ വീട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ഷാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പകല്‍ മൃതദേഹം ഒളിപ്പിക്കാന്‍ മാര്‍ഗമില്ലാതെ കാത്തിരുന്ന ഇവര്‍ സന്ധ്യയോടെ കുഴിച്ചിടാന്‍ തീരുമാനിച്ചു. വീടിന് അടുത്തുള്ള കിണറിനു സമീപത്തെ ഇളകിയ മണ്ണില്‍ ആഴത്തില്‍ കുഴിയെടുക്കാനും മൃതദേഹം ഒളിപ്പിക്കാനും രണ്ട് മണിക്കൂറിലധികം സമയം വേണ്ടിവന്നു. ഏഴരയോടെ മൃതദേഹം മറവ് ചെയ്തെങ്കിലും ഇതിനായി ഇവരെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: