കൊല്ലം: വോട്ടെണ്ണലിന് ഇനി പതിനൊന്നുനാള്‍. മേയ് രണ്ടിന് നടത്തുന്ന വോട്ടെണ്ണലിനു മുന്നോടിയായി 11 മണ്ഡലങ്ങളിലേയും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കേണ്ട സാങ്കേതിക സംവിധാനങ്ങളെ സംബന്ധിച്ച അവലോകന യോഗം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ടേബിളുകളില്‍ എണ്ണുന്ന വോട്ടുകള്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ പ്രത്യേക ഡാറ്റാ ഷീറ്റില്‍ രേഖപ്പെടുത്തി ഉപവാരണാധികാരിക്കും തുടര്‍ന്ന് വരണാധികാരിക്കും നല്‍കും. വരണാധികാരിയുടെ മേല്‍നോട്ടത്തിലുള്ള ഡേറ്റാ ഡിജിറ്റൈസേഷന് യൂണിറ്റില്‍ നിന്ന് ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതുവഴി ഫലം ലഭ്യമാകും. പ്രത്യേക സ്കാനറുകള്‍ ഉപയോഗിച്ച് പോസ്റ്റല്‍ ബാലറ്റിലെ ബാര്‍ കോഡ് റീഡ് ചെയ്താണ് സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകള്‍ എണ്ണുക. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശപ്രകാരമുള്ള സംവിധാനങ്ങള്‍ ഓരോ കേന്ദ്രങ്ങളിലും സജ്ജീകരിച്ച് ട്രയല്‍ റണ്ണുകള്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് വരണാധികാരികള്‍ക്ക് നിര്‍ദേശം നല്കി. സാങ്കേതിക ജോലികള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി.
ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍, കൃത്യതയുള്ള നെറ്റ്വര്‍ക്ക് സംവിധാനം, മള്‍ട്ടി ഫങ്ഷന് പ്രിന്ററുകള്‍, സാങ്കേതിക വിദഗ്ധര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റിങ്, മീഡിയ സെന്റര്‍ എന്നിവ സജ്ജമാക്കുന്നത് സംബന്ധിച്ച നണ്ടിര്ദേശങ്ങള് ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ. സതീഷ്കുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്.അനില്‍, വരണാധികാരികള്‍, ഉപവാരണാധികാരികള്, ഇ.ആര്.ഒ മാര്‍, ഐ.ടി. മിഷന് ജില്ലാ പ്രൊജക്ട് മാനേജര്‍ പി.എസ്. അഭിജിത്, ബി.എസ്.എന്‍.എല്‍, കെല്‍ട്രോണ്‍, ഏഷ്യാനെറ്റ്, റെയില്‍ടെല്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
താരമാകാന്‍ ഇന്‍കോര്‍ പോര്‍ട്ടല്‍
വോട്ടെണ്ണല്‍ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടല്‍, സര്‍വീസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ സ്കാന്‍ ചെയ്ത് എണ്ണിത്തിട്ടപ്പെടുത്തുന്ന ഇടിപിബിഎസ് എന്നീ സംവിധാനങ്ങള്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. മുന്‍തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണലിന് ഉപയോഗിച്ചിരുന്ന ട്രെന്റ് പോര്‍ട്ടലിന് പകരമാണ് എന്‍കോര്‍ പോര്‍ട്ടല്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, സൂക്ഷ്മപരിശോധന തുടങ്ങി എല്ലാ വിവരങ്ങളും എന്‍കോറില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: