തിരുവനന്തപുരം: ന്യൂനപക്ഷവികസന കോര്‍പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്നും കെ.ടി. ജലീല്‍. അണുമണിത്തൂക്കം ഖേദമില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന് എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്കുന്ന കരുത്ത് ചെറുതല്ലന്നും കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ബന്ധുനിയമന കേസില്‍ ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഇന്ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന് മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാന്‍ ശ്രമിച്ച ആത്മാര്‍ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല.
ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന് എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്കുന്ന കരുത്ത് ചെറുതല്ല.
ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടര്‍ന്നാണ് ഞാന്‍ രാജിവച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ വിധിക്കു കാത്തുനില്‍ക്കാതെ തന്നെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകര്‍പ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈകൊള്ളും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: