കൊച്ചി: പന്തളം രാജകുംബാംഗങ്ങളെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേരെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവര് അയത്ത് സന്തോഷ് കരുണാകരന്(43), ഏരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (48) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കുവൈത്തില്‍ വ്യവസായിയായിരുന്ന ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് ആറ് കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. നീലഗിരിയില്‍ പന്തളം രാജകുടുംബത്തിന്റെതായുള്ള 2500 ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇത് വാങ്ങി കൃഷി ഇറക്കാമെന്നായിരുന്നു പ്രലോഭനം. ഇവര്‍ക്കെതിരെ അജിത് മഹാപാത്ര കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രതികള്‍ കൊച്ചിയില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി സ്ഥാപന ഉടമയ്ക്ക് ഇരുവരും ചേര്‍ന്ന് 2.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഇദ്ദേഹത്തിന്റെ 2.6 കോടി രൂപ വിലവരുന്ന സോഫ്റ്റ് വെയറിന്റെ സോഴ്സ് കോഡ് നിസ്സാര തുക അഡ്വാന്‍സ് നല്കിയ ശേഷം കൈവശപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഈ സ്ഥാപനത്തിലെ 20 ജീവനക്കാരെ മാസങ്ങളോളം ഇരുവരും ശമ്പളം നല്‍കാതെ പണിയെടുപ്പിച്ചതായും പരാതിയുണ്ട്.
പന്തളം രാജകുടുംബാംഗങ്ങളെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയത്. യുഎസ് സേനയ്ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവരാണെന്നും പ്രതികള്‍ സോഫ്റ്റ് വെയര്‍ കമ്പനി ഉടമയെ വിശ്വസിപ്പിച്ചു. കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ സറ്റാര്‍ ഹോട്ടലുകളുണ്ടെന്നും നീലഗിരിയില്‍ 2500 ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.
കൊച്ചിയിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരെ പ്രതികളില്‍ ഒരാളുടെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ മാസങ്ങളോളം ശമ്പളമില്ലാതെ പണിയെടുപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ്, കടവന്ത്ര ഇന്‍സ്പെക്ടര്‍ പ്രജീഷ്, സി ബ്രാഞ്ച് എസ് ഐമാര്‍ എന്‍.കെ. സത്യജിത്, അഗസ്റ്റിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: