കോഴിക്കോട് : വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് പകപോക്കുകയാണെന്ന് കെ.എം. ഷാജി എംഎല്‍എ. വിജിലന്‍സ നടത്തിയ തെരച്ചിലില്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥി ആയതിനാല്‍ തന്റ പക്കല്‍ പണം ഉണ്ടാകുമെന്ന ധാരണയിലാണ് വിജിലന്‍സ് സംഘം എത്തിയത്. വീട്ടില്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകള്‍ തന്റെ പക്കലുണ്ട്. ഈ പണം തനിക്ക് തിരിച്ചു നല്‍കേണ്ടതായി വരുമെന്നും കെ.എം. ഷാജി അറിയിച്ചു.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പോലീസ് നിരന്തരം വേട്ടയാടുകയും പിന്തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ തനിക്ക് ഒരു ദിവസം സമയം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്.
പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം അരക്കോടി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: