തിരുവനന്തപുരം: നബാര്‍ഡ് 2020-21ല്‍ കേരളത്തിന് വിതരണം ചെയ്തത് എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായം. 13,425 കോടി രൂപയാണ് കേരളത്തില്‍ പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയും നബാര്‍ഡ് വിതരണം ചെയ്തത്. 2019-20നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ധനയാണിത്.
ഇതില്‍ 12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. 9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എംഎസ്എംഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായി നല്കി. ബാക്കി തുകയായ 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലകളിലും എംഎസ്എംഇ മേഖലയിലും നല്കി.
2020-21ല്‍ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) നിന്ന് 538 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നബാര്‍ഡ് 30 കോടി രൂപ ഗ്രാന്റ് ധനസഹായമായി ബാങ്കുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സംസ്ഥാന കുടുംബശ്രീ മിഷന് മുഖേനയും വിവിധ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്തു.
കൈത്തറി മേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് പ്രദര്‍ശനങ്ങള്‍, കര്‍ഷക ഉത്പാദക സംഘങ്ങളുടെ വളര്‍ച്ചയ്ക്കും സ്വയംപര്യാപ്തയ്ക്കും നല്കുന്ന ഗ്രാന്റ് സഹായം, സഹകരണ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയും നബാര്‍ഡ് പിന്തുണ നല്കിയ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: