മനുഷ്യനടക്കമുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും താങ്ങും തണലുമായി, അവയെ പരിപോഷിപ്പിച്ചും സമന്വയിപ്പിച്ചും നിലനിര്‍ത്തിയ നമ്മുടെ ഭൂമി ഇന്ന് നിരവധി ഭീതിദ സമസ്യകള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യവതിയായിരുന്ന ഭൂമി ഇന്ന് രോഗപീഡയിലാണ്. മാതൃഭാവത്തോടെ ജീവിവൃന്ദങ്ങളെ പരിചരിച്ച ഭൂമിയെ സര്വ്വചൂഷണങ്ങള്ക്കും വിധേയയാക്കി, ആസന്നമരണയാക്കിത്തീര്ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദി, ബൗദ്ധികമേന്മയുണ്ടെന്നഹങ്കരിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന മനുഷ്യന് മാത്രമാണ്. അവന്റെ സുഖഭോഗതൃഷ്ണയും, ദുരയും ദുരാഗ്രഹവുമാണ് ഭൂമിയെ അതീവ ദുഃഖകരമായ ഈ ദുരവസ്ഥയിലേക്കാനയിച്ചത്. മറ്റൊരു ജീവജാലങ്ങളും പ്രകൃതിക്കും, ഭൂമിക്കും, സര്‍വ്വനാശം വിതക്കുന്ന ഒരു പ്രവൃത്തിയും ചെയ്യുന്നില്ല. പൂജനീയ മാതാഅമൃതാനന്ദമയീ ദേവി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാണ്. ”ഭൂമിയില്‍ സകല കൃമികീടങ്ങളും നശിക്കുന്ന അവസ്ഥ വന്നാല്‍ ഈ ഭൂമിയും ഇവിടുത്തെ ആവാസവ്യവസ്ഥയും മുച്ചൂടും നശിച്ചുപോകും. എന്നാല്‍ മനുഷ്യകുലത്തിന് നാശം വന്നാല്‍ ഭൂമി ഇന്നത്തേക്കാള്‍ ഉര്‍വ്വരതയോടെ സസ്യശ്യാമളയായി കൂടിയ പ്രൗഢിയോടെ നിലനില്ക്കും” എന്നായിരുന്നു അമ്മയുടെ പ്രതികരണം.
ഭൂമിയോടും പ്രകൃതിയോടും സമരസപ്പെട്ട് പരസ്പരപോഷിതവും, പരസ്പര പൂരകവുമായി ജീവിക്കുന്നതായിരുന്നു ഭാരതത്തിന്റെ സംസ്കൃതിയും പാരമ്പര്യവും. നൂറ്റാണ്ടുകളായി ഭാരതം സമൃദ്ധവും സുസമ്പന്നവുമായ ഒരു രാഷ്ട്രമായി നിലനിന്നിരുന്നു. പ്രകൃതിയെ മാതാവായി ആദരിക്കുകയും ആരാധിക്കുകയും ചെയ്ത ഒരുദാത്തവിചാരധാരയാണിവിടെ അനാദികാലമായി വര്‍ത്തിച്ചത്. പ്രപഞ്ചം ഏകമാണെന്നും ഇതിന്റെ ഏകമായ ചൈതന്യത്തിന്റെ ഭാവാവിഷ്ക്കാരങ്ങള്‍ മാത്രമാണ് മറ്റെല്ലാമെന്നുമുള്ള ശ്രേഷ്ഠചിന്തയാണ് ഭാരതത്തെ നയിച്ചത്. പ്രപഞ്ചത്തിലെ സകലസൃഷ്ടികളും ഒരേ ദിവ്യചൈതന്യത്തിന്റെ പാരസ്പര്യമുള്ക്കൊള്ളുന്നവയാണെന്നും, അതിനാല്‍ പരസ്പരം ബന്ധിതവും ഏകവുമാണെന്നും നമ്മുടെ പൂര്‍വ്വികര്‍ ചിന്തിച്ചിരുന്നു. പരസ്പര സംഘര്‍ഷമല്ല, പരസ്പര സമന്വയവും, പരസ്പരാശ്രിതവുമാണ് പ്രപഞ്ച ഘടനയെന്നും നാം കരുതിപ്പോന്നു.
”പരാനപേക്ഷം പ്രാണിക്കമരാന്‍ പഴുതില്ലൊരിടത്തും
പരന്‍പുമാനും പ്രകൃതിസഹായന്‍ പ്രപഞ്ചഘടനത്തില്‍’
എന്ന മഹാകവി ഉള്ളൂരിന്റെ വരികള്‍ ഈ ദര്‍ശനത്തിന്റെ നിദാനമാണ്.
കഴിഞ്ഞ 200 വര്‍ഷത്തെ കാലഘട്ടത്തിനിടയില്‍ ഭൂമിയോടുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ അപകടകരമായ മാറ്റങ്ങളാണ് സംഭവിച്ചത്. ധനാഗമത്തിനുള്ള ഒരു സ്രോതസ്സായും, ഭൂമിയും പ്രകൃതിയും ഒരു വില്പനച്ചരക്കായും ചിന്തിക്കുന്ന അധമമാനസികതയിലേക്ക് നമ്മുടെ ജനതയും ഊര്‍ന്നുവീണു. മനുഷ്യന്റെ ഉപഭോഗത്തിനുവേണ്ടി മാത്രമാണ് എല്ലാ പ്രപഞ്ചവസ്തുക്കളുമെന്ന വികൃതവും വികലവുമായ ജീവിതസമീപനം പുറംലോകത്തുനിന്ന് ഇവിടെയും കടന്നുവന്ന് അപകടകരമായ രീതിയില്‍ നമ്മെ ഗ്രസിച്ചിരിക്കുന്നു. ഇതിന്റെ അനിവാര്യമായ പരിണതിയാണ് രോഗഗ്രസ്തയായ ഭൂമിയുടെ ആധുനിക ചിത്രം.
ഇതിന്റെ അനന്തരഫലമോ? സാധാരണ മനുഷ്യജീവിതവും, പ്രകൃതിജീവജാലങ്ങളുടെ സ്വതന്ത്രവും, ആനന്ദപൂര്ണ്ണവുമായിരുന്ന ആവാസ വ്യവസ്ഥയും അന്യമായിത്തീര്‍ന്നു. ആഗോളതാപനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ ഭൂമി ഞെരുങ്ങിയമര്‍ന്നു. ഭൂമി നിര്‍ജലീകരണത്തിന്റെയും ഊഷരതയുടേയും കടുത്ത ദുരവസ്ഥയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. കാലികജീവിതം ദുസ്സഹവും, ഭാവിതലമുറയുടെ ജീവിതം അസാധ്യവുമായി മാറി.
ഇതില്‍ നിന്നൊരുമോചനത്തെക്കുറിച്ച് ലോകമെമ്പാടും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയും ചിന്തയും ആരംഭിച്ചു. എന്തെങ്കിലും മായാജാലം കൊണ്ട് ഇതിനെ ഉടനെ പരിഹരിക്കാന്‍ കഴിയില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ നിഷ്ഫലമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജീവിതദര്‍ശനത്തിലൂടെ ഇതിനെ പ്രതിരോധിക്കുകമാത്രമാണ് കരണീയമെന്ന നിഗമനത്തിലുമെത്തി. അതിരില്ലാത്ത ഭോഗതൃഷ്ണ അടിസ്ഥാന ജീവിതകാഴ്ചപ്പാടായി മാറിയ സമൂഹത്തിന്റെ അപഥസഞ്ചാരമാണിതിന് കാരണമെന്നതിനാല്‍ മനുഷ്യ ജീവിതത്തിലും അടിസ്ഥാന കാഴ്ചപ്പാടിലും പരിവര്ത്തനമുണ്ടാവുകയാണാവശ്യമെന്ന തിരിച്ചറിവുമുണ്ടായി. സുഖഭോഗതൃഷ്ണകളെ ശമിപ്പിക്കാനായി ഭൂമിയേയും പ്രകൃതിയേയും ഏതളവിലും ചൂഷണം ചെയ്യുന്ന മനുഷ്യമനസ്സിന്റെ പരിവര്ത്തനമാണിതിനാവശ്യം പ്രകൃതിയുടെചൂഷണമല്ല, ദോഹനമാണ് (കറന്നെടുക്കല്‍) ഭൂമിയും പ്രകൃതിയും ജീവജലങ്ങളും സര്വ്വസൗഖ്യത്തോടെ പുലരാന്‍ അനിവാര്യമെന്ന ഭാരതീയ ജീവിതാദര്‍ശത്തിന്റെ സ്വാംശീകരണം മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമെന്ന ചിന്താശക്തിയുള്ള ലോകസമൂഹത്തിന് ഇന്ന് ഏറെ ബോധ്യമായിട്ടുണ്ട്.
ഭൂമിയുടെ സംരക്ഷണവും സംപോഷണവും ഉറപ്പുവരുത്താനുള്ള പ്രായോഗികവും ജനപങ്കാളിത്തവുമുള്ള പ്രക്രിയയക്ക് ഭാരതമാണ് തുടക്കം കുറിക്കേണ്ടതെന്ന കാര്യം സുവിദിതമാണ്. ഭാരതത്തിലാരംഭിച്ച് ലോകം മുഴുവന്‍ ഈ ജീവിതാദര്‍ശത്തെ സ്വാംശീകരിക്കുന്ന കാലം അതിവിദൂരമല്ല. ലോകരാഷ്ട്രങ്ങള്‍ അതിന് പാകപ്പെട്ടുനില്ക്കുന്ന മുഹൂര്ത്തവുമാണിത്.
ഭൂമിയുടെ സമ്പുഷ്ടിക്കും സംരക്ഷണത്തിനുമായുള്ള ഒരു ദേശീയമുന്നേറ്റമെന്ന നിലയില്‍ ഈ സങ്കല്പത്തെ സാകാരമാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍,ഭരണാധികാരികള്‍, രാഷ്ട്രീയ നേതാക്കള്‍, ആധ്യാത്മികാചാര്യന്മാര്, സേവാപ്രവര്‍ത്തകര്‍, മഹിളകള്‍ എന്നിവരുടെയിടയിലെല്ലാം വ്യാപകവും ഗാഢവുമായ സമ്പര്‍ക്കവും നടന്നിരുന്നു.
ഈ സംരംഭത്തെ കൂടുതല്‍ ശക്തവും,വ്യാപകവുമാക്കാന്‍ നിരവധി പ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ ചേര്‍ന്ന യോഗം ഇന്ന് – ഏപ്രില്‍ 13, വര്‍ഷപ്രതിപദ-യുഗാദി ദിനത്തില്‍ മുഴുവന്‍ ഭാരതത്തിലും ഭൂമി പൂജയോടെ ഈ സംരംഭത്തിന് ശുഭാരംഭം കുറിക്കാന്‍ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണമിഷന്, ശ്രീശ്രീ രവിശങ്കര്‍ നയിക്കുന്ന ജീവനകലാപ്രസ്ഥാനം, ഈശാഫൗണ്ടേഷന്, ഇസ്കോണ്‍, ഗായത്രീപരിവാര്‍, പതഞ്ജലീപീഠം, ശ്രീ സിദ്ധഗിരി മഠം, ശ്രീരാമചന്ദ്രമിഷന്‍, ഗോ ആധാരിതകാര്ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ- പ്രാദേശിക പ്രസ്ഥാനങ്ങള്‍, സ്വദേശീ ജാഗരണ്‍മഞ്ച്, കിസാന്‍ സംഘ്, സഹകാര്‍ഭാരതി, വനവാസി കല്യാണ്‍ ആശ്രമം, വിദ്യാഭാരതി, വിശ്വഹിന്ദുപരിഷത്ത്, സേവാഭാരതി, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദിയുടേയും ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെയും പ്രകൃതി സംരക്ഷണ ഘടകങ്ങള്‍, ഗോസേവ, ഗ്രാമവികാസ് പര്യാവരണ്‍ എന്നി മേഖലകളിലെ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ പ്രസ്ഥാനങ്ങളും, സംഘടനകളും, സംരംഭങ്ങളും ഒരുമിച്ചു ചേര്‍ന്നാണ് ഭൂമി സുപോഷണ്‍ ഏവം സംരക്ഷണ് അഭിയാന് (ഭൂമിയുടെ പോഷണ സംരക്ഷണ യജ്ഞം) തുടക്കം കുറിയ്ക്കുന്നത്. കേരളത്തില്‍ ഭൂപോഷണയജ്ഞം എന്ന പേരിലാണ് ഇത് നടക്കുക. നിരവധി സന്യാസി- ആചാര്യവര്യന്മാര് മാര്ഗ്ഗദര്ശകരായും ജയറാം പട്ടിദാര്ജി (മധ്യപ്രദേശ്) ദേശീയ സംയോജകനായുംപ്രവര്ത്തിക്കുന്ന ഒരു ദേശീയ നിര്‍വ്വഹണ സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
സംപൂജ്യരായ സന്യാസിമാരും മറ്റു പ്രമുഖരും രക്ഷാധികാരിമാരായിരിക്കും. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മിറ്റി അംഗവുമായ ഡോ. വി.എസ്. വിജയനാണ് അധ്യക്ഷന്‍. ജൈവകൃഷിരംഗത്തെ പ്രമുഖന് ഡോ. ദയാല്‍ കാര്യാദ്ധ്യക്ഷനും, സി. ശെല്വന് സംയോജകനുമായി സംസ്ഥാനതലത്തില്‍ ഭൂപോഷണയജ്ഞസമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ആഭിമുഖ്യത്തില്‍ നാളെ (13 ഏപ്രില്‍ വര്‍ഷ പ്രതിപദ) ഭൗമദിനത്തില്‍- ഭൂമിയുടെ പിറന്നാള്‍ ദിനമായി സങ്കല്‍പ്പിച്ച് ഭൂമിപൂജയോടെ ഇതിന് സമാരംഭം കുറിയ്ക്കും.
പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രകൃതി സ്നേഹികള്‍, ജൈവകൃഷി ശാസ്ത്രജ്ഞര്‍, ജൈവകര്‍ഷകര്‍, ഗോപരിപാലകര്, തുടങ്ങി ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ സര്‍വ്വരേയും ഈ സംരഭത്തില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. മുഴുവന്‍ ജനതയേയും ഒരേ ചരടില്‍ കോര്‍ത്തിണക്കി ഭൂമിയും പ്രകൃതിയും സംരക്ഷിക്കുകയെന്ന നമ്മുടെ കാലിക ദൗത്യം നിര്‍വ്വഹിച്ച് ഭാവി തലമുറയോടുള്ള നമ്മുടെ കടമ നിറവേറ്റുകയാണതിലൂടെ ലക്ഷ്യമിടുന്നത്. നാമെല്ലാം ഭൂമിയുടെ സന്താനങ്ങളാണ്. ഭൂമിയുണ്ടെങ്കിലേ നമുക്ക് ജീവിതമുള്ളൂ, ഭാവിയുള്ളൂ. നമ്മെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ- പ്രകൃതിയെ തിരിച്ചും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ അനിവാര്യമായ കടമയാണ്. ഭൂമിയുടെ ചരമഗീതം പാടുകയല്ല, ആസന്ന മരണയായ ഭൂമിയെ അരോഗ ദൃഢഗാത്രയാക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. കേവലം ആശങ്കകള്‍ പങ്കുവെക്കുകയല്ല, ഭൂസംരക്ഷണ-പരിപോഷണത്തിന് മുന്നിട്ടിറങ്ങുകയാണ് ഇന്നത്തെ ആവശ്യം. ഭൂമാതാവിന്റെ ദുസ്സഹത കണ്ട് കണ്ണീര് വാര്‍ക്കുകയല്ല ഈ വെല്ലുവിളിയെ അവസരമായെടുത്ത് പ്രതിരോധിക്കലാണ് നമ്മുടെ കടമ.
ഇത് ഏതെങ്കിലും ഒരു സംഘടനയുടെ മാത്രം കാര്യക്രമമല്ല. മറിച്ച് നമ്മുടെ പവിത്രമായ ഭൂമി നിലനിര്‍ത്തേണ്ടതിനായുള്ള ശ്രമകരമായ ദൗത്യമാണ്. ഭാരതത്തിന്റെയും ലോകത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഈ സംരംഭം, ലോകത്തിനും, ലോകനന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച ഭാരതത്തില്‍ നിന്ന് ആരംഭിക്കുന്നത് ഏറെ അഭിമാനകരമാണ്. ഈ പ്രവര്‍ത്തനത്തിന്റെ എല്ലാ രംഗങ്ങളിലും രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ നിസ്സീമമായ സഹകരണമുണ്ട്. എന്നാല്‍ ഇതൊരു സംഘബന്ധിയോ, സംഘനിയന്ത്രിതമോ ആയ സംരംഭമല്ല. ലോകനന്മക്കുള്ള – ജനനന്മക്കുള്ള പ്രവര്‍ത്തനത്തെ എന്നും രണ്ടുകൈകളോടും കൂടി സ്വീകരിക്കുകയും അതില്‍ സര്വ്വസമര്പ്പിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘപ്രസ്ഥാനത്തിന് ഈ സംരംഭത്തോടൊപ്പം ചേര്‍ന്ന നില്ക്കുകയെന്നത് ജന്മദൗത്യമാണ്. ഈ മഹത്തായ സമഗ്രസാമൂഹ്യയജ്ഞത്തില് മുഴുവന്‍ ഭാരതീയരേയും ചേര്‍ത്തു നിര്‍ത്തുകയെന്നതും അനിവാര്യമാണ്.
ഈ സുയജ്ഞത്തില് മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും പങ്കാളികളാവേണ്ടതുണ്ട്. പ്രകൃതിയേയും ഭൂമിയേയും സ്നേഹിക്കുകയും അതിന്റെ നൈര്‍മ്മല്യവും ശാന്തിയും, സംരക്ഷിക്കണമെന്നാഗ്രഹിക്കുകയും, ആസന്ന മരണയായിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയെ ഏതു ത്യാഗപൂര്‍ണ്ണമായ പരിശ്രമവും ചെയ്ത് സുരക്ഷിതയാക്കണമെന്ന് ചിന്തിക്കുകയും ചെയ്യുന്ന മുഴുവന്‍ സമുനസ്സുകളും ഈ ഭൂമിസുപോഷണയജ്ഞത്തില് പങ്കാളികളാവണം. ഈ സദുദ്യമത്തിന് ശുഭാരംഭം കുറിക്കുന്ന ‘ഭൂമിപൂജ’യില്‍ വര്‍ഷ പ്രതിപദ ദിനമായ നാളെ ഏപ്രില്‍ 13 രാവിലെ 10 നും 11നും ഇടയില്‍ അതതു ഗ്രാമങ്ങളില്‍ പങ്കെടുത്ത് ഈ മുഹൂര്‍ത്തത്തെ ധന്യമാക്കാം.
ഭൂപോഷണയജ്ഞം – മുഖ്യലക്ഷ്യങ്ങള്‍
- സംശുദ്ധഭൂമി -സമൃദ്ധഭൂമി
- പതിനായിരം വര്‍ഷത്തെ കാര്‍ഷികപാരമ്പര്യം നഷ്ടപ്പെടാതെ വീണ്ടെടുക്കുക- നിലനിര്‍ത്തുക.
- ഋഷിസംസ്കൃതിയും കൃഷിസംസ്കൃതിയും സമന്വയിപ്പിക്കുക
- ഭൂമിയോടും പ്രകൃതിയോടും ആദരവും, സ്നേഹവും, ഭക്തിഭാ വവും വളര്‍ത്തുക
- ഗോ ആധാരിത കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുക
- ഗോവംശത്തിന്റെ തനിമയും വൈവിധ്യവും നിലനിര്‍ത്തുക
- ഗുണമേന്മയുള്ള സ്വദേശീയവിത്തുകളെ തിരിച്ചുകൊണ്ടുവരുക
- ജൈവകൃഷി പ്രോത്സാഹിപ്പിക്കുക
- രാസവളപ്രയോഗം ഉപേക്ഷിക്കുക
- ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക
- ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, വംശനാ ശം തടയുക
- പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുക
- മണ്ണിന്റെ ഉര്‍വ്വരത വീണ്ടെടുക്കുക
- ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക. ജലോപയോഗം നിയന്ത്രിക്കുക
- അന്തരീക്ഷമലിനീകരണം, ഭൂമലിനീകരണം തടയുക
പി. ഗോപാലന് കുട്ടി മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: