തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ഉത്തരവാദിയാണെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ പ്രൊഫസറോട് യുജിസി വിശദീകരണം തേടി. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷാ ചുമതല വഹിച്ചിരുന്ന അധ്യാപകന് അബ്ദുള്‍ ലത്തീഫിനെ കേരള സര്‍വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ച വിഷയത്തിലാണ് യുജിസി വിശദീകരണം തേടിയത്. സംഭവത്തിനു പിന്നാലെ ഇദ്ദേഹത്തെ പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്തിരുന്നു.
സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പരീക്ഷാ ചുമതലകള്‍ ഉള്ള ഒരു പോസ്റ്റിലേക്ക് നിയമിക്കാന്‍ യൂണിവേഴ്സിറ്റി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സേവ് എഡ്യൂക്കേഷന്‍ ഫോറം യുജിസി സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് യുജിസി വിശദീകരണം തേടിയത്. യുജിസിയുടെ നിയമന കാര്യത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അതില്‍ ഒരു തരത്തിലും ഇളവുകള്‍ അനുവദിക്കരുതെന്നും ഈ വിഷയത്തില്‍ സര്‍വകലാശാലയുടെ മറുപടി യുജിസിയെ അറിയിച്ച ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂയെന്നും യുജിസി കേരള വൈസ് ചാന്‍സലര്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2021 ജനുവരി 19ന് നിയമസഭയില്‍ ഈ വിഷയത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്കിയ മറുപടിയില്‍ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെ കൃത്യവിലോപത്തിന് ശിക്ഷാ നടപടി സ്വീകരിക്കാന്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്മേലാണ് പ്രധാനമായും യുജിസി വിശദീകരണം തേടിയത്. അറബിക് ഭാഷാ ഗവേഷണത്തിന് രാഷ്ട്രപതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം നേടിയ അപേക്ഷകരുള്‍പ്പടെയുള്ളവരെ ഒഴിവാക്കി അബ്ദുല്‍ ലത്തീഫിന് നിയമനം നല്കാന് തീരുമാനിച്ചത് വിവാദമായിരുന്നു.
എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് നല്‍കുന്നതിനും പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നതിനും വിദ്യാര്‍ഥികളെ സഹായിച്ചതിന്റെ പേരില്‍ സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പഠനവകുപ്പില്‍ പ്രൊഫസറായി നിയമനം നല്‍കരുതെന്നും നടപടി പുനഃപരിശോധിക്കാന്‍ കേരളാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ ഫോറം കേരള ഗവര്‍ണര്‍ക്കു നല്കിയ നിവേദനം ഗവര്‍ണറുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: