അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോര്‍ഡ് തീരുമാനം. ദേവസ്വം ബോർഡ് വിജിലൻസ് എസ്.പി പി.ബിജോയിക്കാണ് അന്വേഷണ ചുമതല. ഭക്തരുടെ പ്രതിഷേധം ശക്തമായതിനെതുടർന്നാണ് ബോർഡ് അടിയന്തിരയോഗം ചേർന്ന് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ആനയുടെ ആരോഗ്യ പരിപാലനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, പാപ്പാന്മാരുടെ ഭാഗത്ത് നിന്നും ആനയ്ക്ക് ഉപദ്രവം ഏറ്റിരുന്നോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക. ആനയുടെ പരിചരണത്തിൽ വീഴ്ചയുണ്ടായി എന്ന് കണ്ടതിനെ തുടർന്ന് പാപ്പാന്മാരായ പ്രദീപ്, അജീഷ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.ബൈജുവിനെ അന്വേഷണ വിധേയമായി തത്സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറ്റി നിർത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസമായിരുന്നു നാട്ടുകാരുടെ പ്രിയങ്കരനായ വിജയകൃഷ്ണൻ ചരിഞ്ഞത്. ഇതേത്തുടർന്ന് പ്രസിഡന്റിനെ നാട്ടുകാര്‍ തടഞ്ഞു. ചരിഞ്ഞ ആനയെ കാണാന്‍ അമ്പലപ്പുഴയില്‍ എന്‍. വാസു എത്തിയപ്പോഴാണ് ഭക്തർ തടഞ്ഞത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തുള്ള അസി. എഞ്ചിനിയര്‍ ഓഫീസിന് സമീപം തളച്ചിരിക്കുകയായിരുന്നു. അവശനിലയിലായ വിജയകൃഷ്ണനെ ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയില്‍ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും 51 കാരന് വിജയകൃഷ്ണന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പീഡനം കാരണമാണ് വിജയകൃഷ്ണന് ചരിഞ്ഞതെന്ന് ആരോപിച്ച് ഭക്തര്‍ പ്രതിഷേധമുയര്‍ത്തി. ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് കൊടുത്തിരുന്നു. ഈ സമയങ്ങളില്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്. അവശനായ വിജയകൃഷ്ണനെ പിന്നീട് ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നു. പിന്നീട് കഴിഞ്ഞ 26ന് രാത്രിയില്‍ ലോറിയില്‍ അമ്പലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ വന്നതിനുശേഷവും ആനയെ മര്‍ദ്ദിച്ചിരുന്നു. ക്രൂരമര്‍ദ്ദനമാണ് വിജകൃഷ്ണന് അമ്പലപ്പുഴക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി.
ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍മാരായ മധുസൂദനന്, പി കെ.പ്രകാശ്, ജോണ്‍ എന്നിവരുടെ നേതൃത്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ ആനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മുറിവുകളും കാലുകളില്‍ നീരും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: