തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തുടങ്ങി. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു മാറ്റിവച്ച പരീക്ഷകളാണ് ഇത്. 8,68,697 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്നത്. വിഎച്ച്എസ്ഇ പരീക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.
എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. റംസാന് വ്രതം പരിഗണിച്ചാണ് 15 മുതലുള്ള പരീക്ഷകള്‍ രാവിലെ നടത്തുന്നത്. 29ന് പരീക്ഷ അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.40 മുതലാണ് പരീക്ഷ. ഇവരുടെ പരീക്ഷകള്‍ 26ന് അവസാനിക്കും.
ഇത്തവണ 4,22,226 പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 627 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. 2,004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുക. 27,565 വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.
കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്റെ പ്രധാന കവാടത്തിലൂടെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം. ശരീര താപനില പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 പേര് മാത്രമാകും പരീക്ഷയെഴുതുക. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. രോഗ ലക്ഷണമുള്ളവരെയും ക്വാറന്റൈനിലുള്ളവരെയും പ്രത്യേക ഹാളിലിരുത്തി പരീക്ഷയെഴുതിക്കും. ഇവരുടെ ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച് സീല്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: