ചിറയിന്‍കീഴ്: വോട്ടര്‍മാരെ കാണാനിറങ്ങിയ ആശാനാഥിന് അതൊരു അപൂര്‍വ അനുഭവമായിരുന്നു. തന്നെ കണ്ടതും ഒരു കൊച്ചു ആരാധിക ഓടിവന്നു കെട്ടിപ്പിടിയ്ക്കുന്നു. പിന്നെ നിര്‍ത്താതെ കരച്ചിലാണ്. കാര്യമന്വേഷിച്ചപ്പോള്‍ സങ്കടം കൊണ്ടല്ല, ആശചേച്ചിയെ കണ്ട സന്തോഷം കൊണ്ടെന്ന്. മനസ്സിനെ സ്പര്‍ശിച്ച ആ അനുഭവം ചിറയിന്‍കീഴ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ആശാനാഥ് തന്നെ വിവരിക്കുന്നു:
‘അഞ്ചുതെങ്ങ് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണാന്‍ എത്തിയതായിരുന്നു. അപ്പോഴാണ് പ്രവര്‍ത്തകര്‍ തുമ്പി എന്ന ശിഖയ്ക്ക് സ്ഥാനാര്‍ഥിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. കുറച്ച് ദിവസമായി ആശചേച്ചിയെ കാത്തിരിക്കുകയായിരുന്നു ശിഖ. പിന്നെ വൈകിയില്ല. ശിഖയുടെ വീട്ടിലെത്തി. മുറ്റത്ത് എത്തിയതും ശിഖ ഓടി വന്ന് കെട്ടിപ്പിടിച്ചു. ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ച അവള് പിന്നീട് നിര്‍ത്താതെ കരച്ചിലായിരുന്നു. ശിഖ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില് അടക്കാനായില്ല. കണ്ട് നിന്നവര്‍ക്കും. കുറേനേരം അവള് അങ്ങനെ കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞതെന്തിനെന്ന് എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.
നാളെ പിറന്നാളാണ് ചേച്ചി വരണമെന്ന് പറഞ്ഞ് കേക്കൊക്കെ തയ്യാറാക്കി ശിഖ അടുത്ത ദിവസം കാത്തിരുന്നു. പക്ഷെ അന്ന് പോകാന്‍ പറ്റിയില്ല. അതിന് അടുത്ത ദിവസം രാവിലെയാണ് അവിടെ ചെന്നത്. എനിക്കുള്ള കേക്ക് അവള് മാറ്റിവച്ചിരുന്നു. അതു കഴിഞ്ഞ് എനിക്കൊപ്പം വാഹന പര്യടനത്തിനും വന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്, ഒരിക്കലും മറക്കാനാകില്ല.’. ഇത് പറയുമ്പോള്‍ ആശയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. കുട്ടിയോടുള്ള വാത്സല്യം കൊണ്ട് കണ്ണുകള്‍ ഈറനായി.
അഞ്ചുതെങ്ങ് ലളിതാനിവാസില് സോണിയുടെയും കടയ്ക്കാവൂര്‍ തെക്കുംഭാഗം മുളക്കയ്ക്കലില് ഷിബുവിന്റേയും മകളാണ് ശിഖ. ചിറയിന്‍കീഴ് ശാരദാവിലാസം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശിഖ സോഷ്യല്‍ മീഡിയവഴി ആശാനാഥിന്റെ ഫാനാണ്. ആശാനാഥിനെ മാത്രമല്ല നരേന്ദ്ര മോദിയെയും ബിജെപിയെയുമെല്ലാം ഒരുപാട് ഇഷ്ടമാണെന്ന് ശിഖ ജന്മഭൂമിയോട് പറഞ്ഞു.
‘ആശ ചേച്ചിയെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട് നേരില്‍ കാണാന്‍ ആഗ്രഹം തോന്നി, കണ്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം തോന്നി, അതു പിന്നെ കരച്ചിലായി’. ശിഖ കുസൃതിച്ചിരിയോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: