ആലപ്പുഴ: ‘ആലപ്പുഴ കടല്‍ പാലം പുനരുദ്ധരിക്കും. തുറമുഖം പ്രവര്‍ത്തന സജ്ജമാക്കും’ ഇത് നിയമസഭയിലേക്ക് ആലപ്പുഴയില്‍ നിന്ന് വര്‍ഷങ്ങളായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സ്ഥിരമായി വോട്ടര്‍മാര്‍ക്ക് നല്കുന്ന വാഗ്ദാനമാണ്. പക്ഷെ ഒന്നും നടന്നില്ല. പിന്നീട് ഇവര്‍ കടപ്പുറത്ത് വല്ലപ്പോഴും വരുന്നത് അല്പം വിശ്രമത്തിന് മാത്രം ആയിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. കിഴക്കിന്റെ വെനീസ് എന്ന ചെല്ലപേര് ആലപ്പുഴയ്ക്ക് നേടികൊടുക്കുവാന്‍ നിമിത്തമായ കടല്‍ പാലം കടല്‍തിരകള്‍ നക്കി തുടച്ച് തീര്‍ക്കുകയാണ്.
പാലത്തിന്റെ നേര്‍കാഴ്ചയായി അവശേഷിക്കുന്നത് ഇനി ഏതാനും തുരുമ്പിച്ച ഇരുമ്പു തൂണുകള്‍ മാത്രം. ആയിരക്കണക്കിന് തൊഴിലാളികള്‍ പണി എടുത്തിരുന്ന തുറമുഖവും പ്രവര്‍ത്തനരഹിതമായിട്ട് 30 വര്‍ഷങ്ങള്‍ക്ക് മുകളിലായി. എങ്കിലും പോര്‍ട്ട് ഓഫീസര്‍ തുടങ്ങി ഓഫീസ് ശിപായിവരെ ഒട്ടേറെ ജീവനക്കാര്‍ പോര്‍ട്ട് ഓഫീസില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നുണ്ട്. ഒഴിവുവരുന്നമുറക്ക് നിയമനവും മുടങ്ങാതെ നടക്കുന്നുണ്ട്. മാത്രമല്ല പോര്‍ട്ട് ഓഫീസര്‍ക്കും സ്റ്റാഫിനും താമസിക്കാന്‍ ഇപ്പോള്‍ തുറമുഖ പരിസരത്ത് ക്വര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ് അധികൃതര്‍.
ഇടക്കാലത്ത് ടൂറിസ്റ്റ് പോര്ട്ടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടു എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു പിന്നീട് അതും പാഴ്വാക്കായി. വിദേശ ചലച്ചിത്രങ്ങളില്‍ വരെ ഇടംപിടിച്ച ആലപ്പുഴ കടല്പാലം പട്ടണത്തിന്റെ ഐശ്വര്യ തിലകക്കുറി ആയിരുന്നു. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്ന് ധാന്യങ്ങള്‍ നിറച്ച ചാക്കുകള്‍ ട്രോളികളില്‍ നിറച്ച് പാലത്തിലൂടെ ഗോഡൗണുകളിലേക്ക് കൊണ്ടു പോകുന്ന ചിത്രം ആലപ്പുഴക്കാരുടെ മനസുകളില്‍ ഇന്നും മായാതെയുയുണ്ട്. ഇതിനിടെ ടൂറിസത്തിന്റെ പേരില്‍ തീരദേശ ദൂരപരിധി നിയമം ലംഘിച്ച് തീരദേശം മുഴുവന്‍ റിസോര്‍ട്ട് മാഫിയ കയ്യടക്കി. ഈ തെരഞ്ഞെടുപ്പില്‍ കടല്പാല പുനരുദ്ധാരണവും. തുറമുഖം പ്രവര്‍ത്തനസജ്ജമാക്കലും ചര്‍ച്ച പോലും ആകുന്നില്ല.
ആലപ്പുഴയുടെ അവസ്ഥ ഇന്ന് കടപ്പാലം പോലെ തുരുമ്പിച്ച അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: