നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിനെയാണ് നാളെ കേരളം അഭിമുഖീകരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രസഞ്ചാരപഥം അനിവാര്യമായ മാറ്റത്തിന് വഴി തുറക്കുകയാണ്. ഇതുവരെ തുടര്‍ന്നു പോന്ന ഇരുധ്രുവ മുന്നണിരാഷ്ട്രീയത്തിന് ഈ തെരഞ്ഞെടുപ്പ് അന്ത്യം കുറിക്കും. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം മേല്കൈനേടുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം പരിണമിക്കുന്നത്. പുതിയ കേരളം മോദിയോടൊപ്പം എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോഘട്ടത്തിലും മുന്നിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും വനിതാ നേതാക്കളും അടങ്ങുന്ന കഴിവുറ്റ നേതൃനിരയെയാണ് സ്ഥാനാര്‍ത്ഥികളായി അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെട്ടു. ഇതുവരെ കേരള രാഷ്ട്രീയ രംഗത്ത് ഇത്തരമൊരു വൈവിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടിക ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ ഒരു മുന്നണിക്കുമായിട്ടില്ല. രാജ്യം ബഹുമാനത്തോടെ ആദരിക്കുന്ന മെട്രോമാന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയുടെ മുന്നേറ്റത്തിന് ഏറെ ആക്കം കൂട്ടി. കേരളത്തിന്റെ സമഗ്രവികസനത്തിന് കഴിവുറ്റ നേതൃനിരയാണവശ്യമെന്ന വോട്ടര്‍മാരുടെ ആഗ്രഹത്തിനുതകുന്ന സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. അതില്‍ പേമെന്റ് സീറ്റുകള്‍ ഉണ്ടായില്ല. പ്രീണനത്തിന്റെയോ വീതംവെപ്പിന്റേയോ പണത്തിന്റെയോ സ്വാധീനത്തിന് വഴങ്ങാത്ത സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിലൂടെ മലീമസമായ കേരള രാഷ്ട്രീയ രംഗത്ത് ബിജെപി പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു.
വികസനമുരടിപ്പിന്റെ പതിറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. പുതിയ കാലത്തിനനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും മാറുമ്പോള്‍ കേരളം കടബാധ്യതകളില്‍ നിന്ന് കടമക്കെണിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ കടമെടുക്കുക, അത് പരമാവധി ധൂര്‍ത്തടിക്കുക എന്നതാണ് പിണറായിവിജയന്റെ സാമ്പത്തിക സമീപനം. 57 മാസം കൊണ്ട് 84,457.49 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ കടമെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ ഉണ്ടായിരുന്ന 1,09,730.97 കോടി രൂപയുടെ കടബാധ്യത ഇപ്പോള്‍ 19,94,188.46 കോടി രൂപയായിരിക്കുന്നു. 77 ശതമാനം വര്‍ദ്ധനയാണ് കടബാധ്യതയിലുണ്ടായിരിക്കുന്നത്. ആളോഹരി കടബാധ്യത 32,129.23 രൂപയില്‍ നിന്ന് 55,778.34 രൂപയായി വര്‍ധിച്ചു. മലയാളിയെ കടക്കാരനാക്കുക എന്നതില്‍ കവിഞ്ഞ് മലയാളിയെ സ്വാശ്രയത്തിലെത്തിക്കാനുള്ള ഒരു പദ്ധതിയും ഇടത്-വലത് മുന്നണികള്‍ നടപ്പാക്കിയില്ല.
സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യം കേരളത്തിന്റെ വിഭവസ്രോതസുകളെ ആശ്രയിച്ചുള്ള സുസ്ഥിരവികസന മാതൃകയാണ്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീ-യുവാക്കളുടെ കര്‍മ്മശേഷിയെ സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കണം. കേന്ദ്രസര്‍ക്കാരിന്റെ അത്മനിര്‍ഭര്‍ പദ്ധതി പ്രയോജനപ്പെടുത്താന്‍ പോലും പിണറായി സര്‍ക്കാറിനായില്ല. തൊഴിലില്ലാതെ പെരുവഴിയിലായ യുവതീ-യുവാക്കളുടെ ധാര്‍മ്മികരോഷത്തില്‍ സിപിഎം സര്‍ക്കാരിന്റെ അന്ത്യമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. യുവാക്കളെ ഇത്രയും കാലം വഞ്ചിച്ച ഇടത്-വലത് മുന്നണികളെ യുവസമൂഹം പാഠം പഠിപ്പിക്കും.
കേരളം നേരിടുന്ന വികസന പ്രതിസന്ധിയോടൊപ്പം ഭക്തജനവിശ്വാസത്തെ മുറിവേല്‍പ്പിച്ച ഇടതു സര്‍ക്കാരിന്റെ ക്രൂരതയും ഈ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടും. ശബരിമല ക്ഷേത്രാചാരങ്ങളെ ഒരു കൂട്ടം അരാജകവാദികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ഇടത് സര്‍ക്കാര്‍ അധികാരശക്തിയെ ദുരുപയോഗിക്കുകയായിരുന്നു. പോലീസിന്റെ മര്‍ദ്ദനമുറകളും ഗൂഢതന്ത്രങ്ങളും ഉപയോഗിച്ച് മണ്ഡലക്കാലത്ത് ഭക്തജനങ്ങളെ വേട്ടയാടിയത് കേരളം പൊറുക്കില്ല. മഹിഷാസുരനെന്ന അധര്മ്മശക്തിയെതകര്ത്ത അയ്യപ്പധര്‍മ്മം ആധുനിക മഹിഷാസുരഭരണത്തെ തകര്‍ക്കാന്‍ ജനകീയ വിധിയിലൂടെ അവതാരമെടുക്കുമെന്ന് തീര്‍ച്ചയാണ് ജനാധിപത്യപരമായ ഈ പ്രക്രിയക്ക് കേരളം ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലകാലത്തെ ഭക്തജനവേട്ടയെ നിശ്ശബ്ദമായി പിന്തുണച്ച കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും.
പി.ജയരാജന് വ്യക്തിപൂജയ്ക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് ആരോപിച്ച പിണറായി വിജയന് സ്വയം വ്യക്തിപൂജയ്ക്ക് അടിമയായിരിക്കുന്നു. ക്യാപ്റ്റനായി സ്വയം അവതരിക്കാനാണ് പിണറായി താത്പര്യപ്പെടുന്നത്. പാര്‍ട്ടിയാണ് പ്രധാനമെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ താനാണ് പ്രധാനിയെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് പിണറായി. വി.എസ്. അച്യുതാനന്ദനെ വേട്ടയാടിയ പിണറായിക്ക് ഇന്ന് ആയുധം നഷ്ടപ്പെട്ടിരിക്കുന്നു. വിഎസിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എന്തൊക്കെയായിരുന്നുവോ അതേ രീതിയിലാണ് ഇന്ന് പിണറായിവിജയന്റെ പി.ആര് മാനേജ്മെന്റ് മുന്നോട്ടു പോവുന്നത്.
വിഎസ് നേതൃത്വത്തില്‍ ഇല്ലാത്ത ആദ്യതെരഞ്ഞെടുപ്പില്‍ പിണറായിയുടെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല സിപിഎമ്മിന്റെ ഭരണത്തുടര്‍ച്ചയെന്ന സ്വപ്നവും പാഴവുമെന്നുറപ്പായിരിക്കുന്നു. ഇരട്ടവോട്ടിന്റെ ബലത്തില്‍ അധികാരത്തിലെത്താമെന്ന ഇരട്ടച്ചങ്കന്റെ വ്യാമോഹം തകരുമെന്ന് മെയ് രണ്ട് തെളിയിക്കും.
പരസ്പരം സഹായിച്ച് ബിജെപിയെ തോല്‍പ്പിക്കാമെന്ന ഇടതു-വലത് മുന്നണികളുടെ തന്ത്രം ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല. സമര്‍പ്പണമനസ്സോടെ, ആദര്‍ശബോധത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന ലക്ഷോപലക്ഷം കഴിവുറ്റ പ്രവര്‍ത്തകര്‍ കേരളത്തിലങ്ങോളമിങ്ങോളം പുതിയ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.ഈ പ്രവര്‍ത്തകരുടെ ആത്മബലമാണ് ബിജെപിയുടെ മൂലധനം. എതിര് പ്രചാരണങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാനുള്ള ആത്മബലം അവര്‍ക്കുണ്ട്. ശക്തമായ ത്രികോണമത്സരം എന്ന നിലയിലേക്ക് ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുത്തത് അവരാണ്. വിജയത്തിലേക്കുള്ള നേരിയ ദൂരം ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവര്‍ക്ക് കഴിയും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്തവിജയത്തിന്റെ അന്തരീക്ഷമാണ് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുക കേരളത്തിന്റെ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം നീണ്ടുകിടക്കുന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന്‍ മുന്നേറ്റമാണ് ബിജെപി കൈവരിക്കുക. നരേന്ദ്രമോദി സര്ക്കാരിനൊപ്പംവികസനത്തിലേക്ക് കുതിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ദേശീയ ചിന്താധാരയുമായി ലയിക്കുകയാണ്. എത്ര വ്യാജപ്രചാരണക്കൊടുങ്കാറ്റഴിച്ചുവിട്ടാലും ഈ അനിവാര്യമായ മാറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഇരുമുന്നണികള്‍ക്കുമാവില്ല.
ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യവും എന്‍ഡിഎ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ അണിനിരക്കുന്ന മുന്നണിയുമായി കേരള രാഷ്ട്രീയം ധ്രുവീകരിക്കപ്പെടും. കേരളത്തിന്റെ ജൈത്രയാത്രയ്ക്ക് ഇതോടെ സമാരംഭമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: