മാവേലിക്കര: ഓണാട്ടുകരയുടെ അനുഷ്ഠാന കലയും ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ട വഴിപാടുമായ കുത്തിയോട്ടത്തെ അവഹേളിച്ച് വീണ്ടും സിപിഎം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയും ക്ഷേത്രത്തിലെ ഇഷ്ടവഴിപാടായ കുത്തിയോട്ടപ്പാട്ടുകളുടെ താളത്തില്‍ പിണറായി വിജയനെ സ്തുതിച്ച് പാട്ട് ചിട്ടപ്പെടുത്തി മഹത്തായ അനുഷ്ഠാന കലാരൂപത്തെ രാഷ്ട്രീയ വേദിയില്‍ എത്തിച്ച സിപിഎം നടപടിക്കെതിരെ ക്ഷേത്രം ഭരണസമിതി രംഗത്തുവന്നു.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അനുഷ്ഠാനമായ കുത്തിയോട്ടത്തിന്റെ ജീവനാഡിയായ കുത്തിയോട്ടശീലുകളിലെ പാദത്തെ അനുകരിച്ച് ഭഗവതിസ്തുതിയെ വികലമാക്കി ദേവീ ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. കുത്തിയോട്ട പാട്ടിനെ വക്രീകരിച്ചതിലൂടെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തേയും അനുഷ്ഠാനത്തേയും അവഹേളിച്ചതിനെതിരേ ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ പ്രസിഡന്റ് എം കെ രാജീവ് പ്രതിഷേധം അറിയിച്ചു.
ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും വികലമാക്കി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുത്തിയോട്ടത്തെ അധിക്ഷേപിച്ചത്. മുന്‍പ് ചെട്ടികുളങ്ങര ഭഗവതിയുടെ ജീവതയുടെ മാതൃക ഉണ്ടാക്കി പാര്‍ട്ടി സമ്മേളനത്തില്‍ എത്തിച്ച് ഓണാട്ടുകരയിലെ ലക്ഷക്കണക്കിന് വരുന്ന ദേവീഭക്തരുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയതും വിവാദമായിരുന്നു. പല്ലാരിമംഗലം ഹരിദാസ് എന്ന സിപിഎം നേതാവും സംഘവുമാണ് കുത്തിയോട്ടപ്പാട്ടിനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഇയാളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
സംഭവത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന്, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. കുത്തിയോട്ടപ്പാട്ടിന് പാരഡി ഉണ്ടാക്കി അവഹേളിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: