ന്യൂദല്‍ഹി: അമ്പത്തിയൊന്നാമത് ദാദസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനായ രജനീകാന്തിന് ആശംസയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലൈവര്‍ക്ക് ദാദസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ തലമുറകളുടെയും ജനപ്രിയനായ, ചിലര്‍ക്ക് മാത്രം അഭിമാനിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ വ്യക്തിത്വമാണ് രജനീകാന്ത് എന്ന് നരേന്ദ്ര മോദി കുറിച്ചു. തലൈവര്‍ക്ക് പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടൈന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അവാര്‍ഡ് നേടുന്ന 12ാമത്തെ ദക്ഷിണേന്ത്യന്‍ താരമാണ് രജനീകാന്ത്.ഡോ. രാജ്കുമാര്, അക്കിനേനി നാഗേശ്വര്‍ റാവു,? കെ. ബാലചന്ദര്‍, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന് തുടങ്ങിയവര്‍ അടങ്ങിയ ജൂറി പാനലാണ് രജനികാന്തിന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന് പുരസ്കാര പ്രഖ്യാപനവേളയില്‍ കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: