ആലപ്പുഴ : ഇരട്ടവോട്ട് വിവാദത്തില്‍ വ്യാജ വോട്ടര്‍മാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഓപ്പറേഷന് ട്വിന്‍സ് (www.operationtwins.com) എന്ന വെബ്സൈറ്റ് വഴി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്തിട്ടുള്ള ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളുമാണ് വെബ്സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് ചെന്നിത്തല അറിയിച്ചു.
നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.
വെബ്സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് കെപിസിസി അധികൃതര്‍ അറിയിച്ചത്. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളില്‍ ഉണ്ടാകുമെന്നും, തെരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുകൊണ്ടു വന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇരട്ടവോട്ടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരട്ടവോട്ടിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമമാണ് നടക്കുന്നത്. ഇടത് സര്‍വീസ് സംഘടനകളാണ് വ്യാജ വോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ചെയ്യിപ്പിക്കാതിരിക്കാനുള്ള നടപടി വേണം. ഇത് സംബന്ധിച്ച് പലതവണ കമ്മീഷന് കത്തുകള്‍ നല്‍കിയതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം വോട്ടുകളുടെ ബലത്തിലാണ് ഇടതുപക്ഷം ജയിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: