തിരുവനന്തപുരം: ഹഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് തങ്ങൾ സ്വാഗതം ചെയ്തപ്പോൾ അതിനെതിരെ മൗനം പാലിച്ച കോൺഗ്രസ് നേതൃത്വവും നാളിതുവരെ നിലപാട് വ്യക്തമാക്കാത്ത എൽഡിഎഫ് നേതൃത്വവും ക്രിസ്ത്യൻ സമുദായത്തോട് അനീതിയും വഞ്ചനയുമാണ് കാണിക്കുന്നതെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവുമായ ശോഭ സുരേന്ദ്രൻ.
ക്രിസ്ത്യൻ-ഹിന്ദു പെൺകുട്ടികളെ വ്യാജപ്രേമം നടിച്ച് സിറിയയിലേക്ക് കടത്തുന്ന ലൗ ജിഹാദിനെ കുറിച്ചും കഴക്കൂട്ടത്തെ ഇടത് സ്ഥാനാർഥിയും യുഡിഎഫ് സ്ഥാനാർഥിയും നിലപാട് വ്യക്തമാക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിൽ ക്രിസ്ത്യൻ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 ശതമാനവുമെന്ന വിവേചനമാണ് ഇടതുപക്ഷ സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് മുസ്ലിം ലീഗ് കണ്ണുരുട്ടി ഭയപ്പെടുത്തുന്നത് കൊണ്ടാണ്.
മുസ്ലിം ലീഗ് ശബ്ദിച്ചാൽ മുട്ടിടിക്കുന്നവരാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. മുസ്ലിം ലീഗിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും, ബിജെപി അധികാരത്തിൽ വന്നാൽ ലൗ ജിഹാദ് നിരോധിക്കുമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ ജനസംഖ്യാ ആനുപാതികമായ വിഹിതം നൽകുമെന്നും ശോഭ പറഞ്ഞു. ആഴക്കടൽ മൽസ്യബന്ധനത്തിനു കേന്ദ്ര സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ അമേരിക്കൻ കുത്തക കമ്പനിക്ക് കരാർ നൽകി മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി തകർക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ നിലപാടും, മൽസ്യ മേഖലക്ക് മാത്രമായി മന്ത്രാലയവും മന്ത്രിയെയും നൽകിയ മൽസ്യ തൊഴിലാളികളുടെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നു കേന്ദ്ര സർക്കാരിന്റെ നിലപാടും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വിലയിരുത്തുമെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: