കൊച്ചി: ഇരട്ട വോട്ട് വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ടു ചെയ്യുന്നതിന് അപേക്ഷ നല്കുമ്പോള് പഴയ വിലാസത്തിലുള്ള വോട്ടു തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്നു കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യുന്നതു തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നു തിരഞ്ഞെടുപ്പു കമ്മിഷന് കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നതു തടയുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതില്‍ തുടര്‍ നടപടികളും ഉണ്ടാകുമെന്നും കമ്മിഷന് കോടതിയില്‍ അറിയിച്ചു. അതേസമയം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാളെ വരെ സമയം അനുവദിക്കണം എന്ന കമ്മിഷന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുന്നതിനു മാറ്റിവച്ചു.
ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്ന വിഷയമായതിനാല്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: