തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണം ആസൂത്രിതം. കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തിയതിലും ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായാണ് അക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണ്ഡലത്തില്‍ അക്രമത്തിന് സിപിഎം ശ്രമിക്കുന്നുണ്ട്. കാട്ടായിക്കോണത്തെ ബിജെപി ബൂത്ത് ഓഫീസിനുമുകളില്‍ ഫ്ളക്സ് വച്ച് സിപിഎം പ്രകോപനം സൃഷ്ടിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് ഫ്ളക്സ് നീക്കം ചെയ്തത്. പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ശ്രമമുണ്ട്.
വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ വാഹന പര്യടനം ആരംഭിക്കുമ്പോള്‍ മുതല്‍ വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു. രാത്രി ഒമ്പതോടെ ചെമ്പഴന്തി അണിയൂരില്‍ വാഹന പ്രകടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്ഐക്കാര്‍ ബൈക്ക് ഇടിച്ച് കയറ്റി. മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകള്‍ ഇടിച്ചുകയറ്റിയത്. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് ഇടിച്ച് അപകടം ഉണ്ടാക്കി. പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കൂടുതല്‍ അക്രമികളെത്തി. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ക്ക് സിപിഎം ബൂത്തിനുള്ളില്‍ നേതാക്കള്‍ സംരക്ഷണമൊരുക്കി.
പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. പകരം സിപിഎം ഓഫീസിന് സംരക്ഷണം നല്കി. ഇതോടെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പോലീസുമായി ചര്‍ച്ച നടത്തവെ തന്നെ ഹരി എന്ന പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. എന്നിട്ടും പോലീസ് നടപടിക്ക് തയാറായില്ല. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ പോലും തയാറായത്. ബൂത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അക്രമികളെ പോലീസ് വാഹനത്തില്‍ കയറ്റുമ്പോഴും സിപിഎം നേതാക്കള്‍ ഭീഷണി തുടരുകയായായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: