ഗുവഹാത്തി : അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഇന്ന് ജനവിധി തേടുന്നതില്‍ ഉള്‍പ്പെടും. രണ്ടു സംസ്ഥാനങ്ങളിലുമായി 77 മണ്ഡലങ്ങളിലാണ് പാര്‍ട്ടികള്‍ ജനവിധി തേടുന്നത്.
ബംഗാളില്‍ എട്ടു ഘട്ടമായും, അസമില്‍ മൂന്ന് ഘട്ടങ്ങളിലുമായിട്ടാണ് പോളിങ് നടക്കുന്നത്. ആകെ 1.54 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ ജംഗല്‍മഹല്‍ മേഖലയിലാണ് ആദ്യഘട്ട പോളിങ്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്. 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
അസമില്‍ മൂന്ന് ഘട്ടമായി മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നീ ദിവസങ്ങള്‍കൊണ്ട് തെരഞ്ഞെടുപ്പ് അവസാനിക്കും. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണ് പോളിങ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ 1, 6, 10, 17, 22, 26, 29 തീയതികളിലായാണ് പോളിങ് പൂര്‍ത്തിയാവുക.
ആകെ 294 നിയമസഭാസീറ്റുകളാണ് ബംഗാളിലുള്ളത്. ഇതില്‍ 68 എണ്ണം പട്ടിക ജാതിവിഭാഗത്തിനും 16 എണ്ണം പട്ടികവര്ഗ്ഗത്തിനുമുള്ളതാണ്. ആകെ 23 ജില്ലകളാണ് ബംഗാളിലുള്ളത്. ആദ്യഘട്ടത്തില്‍ അഞ്ചു ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. പശ്ചിം മിഡ്നാപ്പൂര്‍, പൂര്‍വ്വ മിഡ്നാപ്പൂര്‍, ബാന്കൂറ, ഝാര്‍ഗ്രാം, പുരുളിയ എന്നീ ജില്ലകളിലെ സമ്മതിദായകരാണ് വോട്ട്ചെയ്യുന്നത്. 30 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. അസമില്‍ ഇന്ന് 47 സീറ്റുകളിലേക്കാണ് പോളിങ് നടക്കുന്നത്. ആകെ 126 സീറ്റുകളാണ് അസമിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: