ബ്രഹ്മാനന്ദത്തെ അറിയുക
അഹങ്കാര സര്പ്പനിഗ്രഹ വിവരണം 302 ാം ശ്ലോകത്തിന്റെ തുടര്‍ച്ച
ബ്രഹ്മാനന്ദമാകുന്ന നിധികുംഭം നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍, ഹൃദയാന്തര്‍ഭാഗത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. അഹങ്കാരമാകുന്ന സര്‍പ്പമാണ് അതിന് കാവല്‍. വിഷയങ്ങളാകുന്ന പാല് കുടിച്ച് വലിയ ബലവാനായിത്തീര്ന്നിട്ടുണ്ട് അഹങ്കാരമെന്ന ഘോര സര്‍പ്പം.
അഹങ്കാരത്തിന്റെ പ്രതീകമാണ് സര്‍പ്പം. ശ്രീകൃഷ്ണ ഭഗവാന്റെ കാളിയമര്‍ദ്ദനലീല, അഘാസുരവധം, സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയില്‍ ചവിട്ടിപ്പിടിച്ചിരിക്കുന്ന സര്‍പ്പം, ശിവഭഗവാന്റെ കഴുത്തിലെയും മറ്റും ആഭരണങ്ങളായ സര്‍പ്പങ്ങള്‍ എന്നിവയെല്ലാം അഹങ്കാര ശമനത്തെ വ്യക്തമാക്കുന്നതാണ്.
അഹങ്കാരമാകുന്ന ഘോര സര്‍പ്പം ബ്രഹ്മാനന്ദമെന്ന നിധി പേടകത്തിനെ ചുറ്റി വരിഞ്ഞ് കിടപ്പാണ്. മൂന്ന് ഭീകരമായ പത്തികളുള്ള അത് ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കുകയില്ല. കറുപ്പും ചുവപ്പും വെളുപ്പുമായ പത്തികളില്‍ നിന്ന് പുറത്ത് വരുന്നത് വിഷത്തീയാണ്.
അഹങ്കാരം മൂലമാണ് നമുക്ക് ബ്രഹ്മാനന്ദം അനുഭവിക്കാന്‍ സാധിക്കാത്തത്.അത് എല്ലായ്പ്പോഴും പലതരത്തില്‍ വിക്ഷേപങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും.
അഹങ്കാര സര്പ്പത്തിന് സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്ന് ഫണങ്ങള്‍ ഉണ്ട്.ഇവ ഉഗ്രമായി വിഷം ചീറ്റുന്നവയാണ്. അവയില്‍ നിന്ന് വരുന്ന സീല്‍ക്കാരം ആരേയും ഭയപ്പെടുത്തും. അഹങ്കാരത്തിന്റെ ചീറല് കാരണം ആര്‍ക്കും ബ്രഹ്മ നിധിയുടെ അടുത്തെത്താനാവില്ല. ഇനി കഷ്ടകാലത്തിനെങ്കിലും ആ കൊടിയ വിഷം തീണ്ടിയാലോ പറയുകയും വേണ്ട.
സാധകന് വിജ്ഞാനമാകുന്ന വലിയ വാളുകൊണ്ട് ആ മൂന്ന് ഫണങ്ങളും അരിഞ്ഞ് വീഴ്ത്തി അഹങ്കാര സര്‍പ്പത്തെ വകവരുത്തണം. അറിവല്ലാതെ മറ്റൊന്നും ഇവിടെ വിലപ്പോവില്ല.
ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവയിലൂടെ നേടിയ അനുഭവ രൂപത്തിലുള്ള വിജ്ഞാനം കൊണ്ട് മാത്രമേ അഹങ്കാരം നശിക്കൂ. അറിവിന്റെ വാള് എങ്ങനെ പ്രയോഗിക്കണമെന്നാല് തമസ്സിനെ രജസ്സുകൊണ്ട് നശിപ്പിക്കണം, രജസ്സിനെ സത്വം കൊണ്ട് ഇല്ലാതാക്കണം. സത്വം തനിയെ നശിച്ചുപോകും. അഹങ്കാരത്തെ പൂര്‍ണ്ണമായും നശിപ്പിക്കണം എന്നതിനെയാണ് സര്‍പ്പത്തിന്റെ മൂന്ന് ശിരസ്സുകളും വെട്ടിക്കളയണം എന്ന് പറഞ്ഞത്. അഹങ്കാരം അടക്കിയാല്‍ പോരാ വേരോടെ പിഴത് കളയണം.
വേദാന്ത ഗ്രന്ഥങ്ങളെ നല്ല പോലെ പഠിച്ച് അറിവ് നേടിയവര്‍ വിജ്ഞാനമാകുന്ന വാളിനെ നേടും. വിചാരശീലരായ ആ സാധകര്‍ അഹങ്കാരത്തെ നീക്കം ചെയ്ത് ബ്രഹ്മാനന്ദ നിധിയെ അനുഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: