പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന്. ആദ്യ കളിയില്‍ ജയിച്ച ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ ടെസ്റ്റ്, ടി20 പരമ്പരയ്ക്ക് പുറമെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം ഇംഗ്ലണ്ടിന് ഏകദിന പരമ്പരയെങ്കിലും സ്വന്തമാക്കണമെങ്കില്‍ ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചേ മതിയാകൂ.
അതേസമയം പ്രമുഖ താരങ്ങളുടെ പരിക്ക് ഇരു ടീമുകള്‍ക്കും തലവേദനയാണ്. ഓപ്പണര്‍ രോഹിത് ശര്‍മ, മധ്യനിര ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പരിക്കിന്റെ പിടിയില്‍.
ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. അതേസമയം രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല.
പരിക്ക് കാരണം ഇന്നത്തെ രണ്ടാം കളിയില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ ഉറപ്പായിക്കഴിഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കാനാണ് സാധ്യത. ട്വന്റി 20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനവും ഇതില്‍ നിര്‍ണായകമാകും. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വ്യക്തമല്ല. ബാറ്റിങ്ങിനിടെ പന്ത് കൈയിലിടിച്ചാണ് രോഹിത്തിന് പരിക്കേറ്റത്. ഇനി പരിക്ക് ഗുരുതരമല്ലെങ്കിലും രോഹിത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. അതേസമയം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും ടീമിലെത്തിയേക്കും.
അതുതന്നെയാണ് ഇംഗ്ലണ്ടിന്റെയും അവസ്ഥ. സൂപ്പര്‍ ബൗളര്‍ ആര്‍ച്ചര്‍ പരിക്കേറ്റ് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ആദ്യ കളിക്കിടെ ക്യാപ്റ്റന്‍ മോര്‍ഗനും സാം ബിലിങ്സിനും പരിക്കേറ്റത്. ഇരുവരും ഇന്നത്തെ രണ്ടാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ മോര്ഗന് പരിക്കേറ്റ കൈയുമായി ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഫീല്‍ഡിങ്ങിനിടെ പന്ത് കൈയില്‍ കൊണ്ട് മുറിഞ്ഞ മോര്‍ഗന്റെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ നാല് തുന്നലുകള്‍ ഇട്ടിട്ടുണ്ട്.
അതേസമയം, കഴുത്തിന് പരിക്കുണ്ടായിരുന്ന സാം ബില്ലിങ്സും ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും കാര്യമായി ഒന്നു ചെയ്യാനായിരുന്നില്ല. ബില്ലിങ്സ് പുറത്തിരിക്കുകയാണെങ്കില്‍ ലിയാം ലിവിങ്സറ്റണ്‍ ഇംഗ്ലണ്ട് ടീമില്‍ അവസരമൊരുങ്ങുമെന്നാണ് സൂചന. മോര്‍ഗനും പുറത്തിരിക്കേണ്ടി വന്നാല്‍ മാറ്റ് പാര്‍ക്കിന്‍സണോ, റീസ് ടോപ്ലിയോ ഇംഗ്ലണ്ട് നിരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: