ന്യൂദല്‍ഹി : രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ശമനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി പഠനം നടത്തിയ പ്രത്യേക സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൡലാണ് കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80.90ശതമാനം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഒന്നിലധികം തവണ ഈ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നതുമാണ്.
എന്നാല്‍ രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 40,715 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചിട്ടുള്ളത്. മുമ്പ് ഇത് നാല്പ്പത്തിയാറായിരം പേര്‍ക്കായിരുന്നു. മുംബൈയിലും, പുനെയിലുമുള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കോവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കര്‍ണാടക, തമിഴ്നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകള്‍ ഉണ്ട്. ദില്ലിയിലും പ്രതിദിനം 800 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകള്‍ സുരക്ഷിതമാണെന്ന് കേന്ദ്ര സമിതി അറിയിച്ചു. വാക്സിന് കുത്തിവെക്കുന്നവരില്‍ ചോര കട്ടപിടിക്കുന്നതുള്‍പ്പടെയുള്ള പാര്ശ്വഫലങ്ങളില്ലെന്നുംസംഘം കണ്ടെത്തി. കൊവിഷീല്‍ഡ് കുത്തിവയ്ക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: