നൈനിറ്റാള്‍: കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍(2,000-2020) വൈഷ്ണോ ദേവി ക്ഷേത്രത്തിന് സംഭവാനയായി ലഭിച്ചത് 1,800 കിലോ ഗ്രാം സ്വര്‍ണം, 4,700 കിലോ വെള്ളി, 2,000 കോടി രൂപ. കുമയോണില്‍നിന്നുള്ള ആക്ടിവിസ്റ്റ് ഹേമന്ത് ഗൗനിയ നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ലഫ്. ഗവര്‍ണറുടെ ഓഫിസിനാണ് താന്‍ അപേക്ഷ നല്‍കിയതെന്നും ഇത് പിന്നീട് കത്രയിലുള്ള ശ്രീമാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് കൈമാറിയെന്നും ഗൗനിയ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പ്രതികരിച്ചു.
വര്‍ഷങ്ങളായി എത്രത്തോളം സംഭാവന ക്ഷേത്രത്തിന് ലഭിച്ചുവെന്ന് തനിക്ക് അറിയണമായിരുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നുണ്ടെങ്കിലും ഇത്രത്തോളം പണവും സ്വര്‍ണവും വെള്ളിയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗൗനിയ കൂട്ടിച്ചേര്‍ത്തു. ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് വൈഷ്ണോ ദേവി ക്ഷേത്രം. ക്ഷേത്രബോര്‍ഡ് രൂപീകരിച്ചശേഷം 1986-ല്‍ ബാരിദാറുകളില്നിന്ന് ആരാധനാലയം ഏറ്റെടുത്തു.
അന്നു മുതല്‍ ഈ ബോര്‍ഡിനാണ് ക്ഷേത്ര നടത്തിപ്പിന്റെ ചുമതല. ഓരോ വര്‍ഷം കഴിയുംതോറും തീര്‍ഥാടകരുടെ എണ്ണം കൂടിവരികയാണെന്ന് ക്ഷേത്രബോര്‍ഡ് നല്കിയ കണക്കുകള്‍ കാണിക്കുന്നു. രണ്ടായിരത്തില്‍ 50 ലക്ഷത്തോളം പേര് എത്തിയപ്പോള്‍ 2018ലും 2019ലും ഇത് 80 ലക്ഷത്തിനടുത്ത് വര്‍ധിച്ചു. എന്നാല്‍ കോവിഡ് തീര്‍ഥാടനത്തെ ബാധിച്ചു. 2020-ല്‍ 17 ലക്ഷം ഭക്തര്‍ മാത്രമേ ക്ഷേത്രത്തില്‍ എത്തിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: