വര്‍ക്കല: പാപനാശത്തെ റിസോര്‍ട്ടില്‍ സഹപാഠികള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോയമ്പത്തൂര്‍ നെഹ്രു എയ്റോനോട്ടിക് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി, തമിഴ്നാട് ദിണ്ടുകല്‍ കരിക്കലി ഗുസിലിയാം പാറൈയില്‍ ദഷ്രിതയാണ് (21)മരിച്ചത്. നാല് ആൺകുട്ടികളും ദുഷ്രിതയുമടക്കം നാലു പെൺകുട്ടികളും ഹെലിപ്പാഡിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു. എല്ലാവരും എയ്റോനോട്ടിക് എൻജിനീയറിങ് വിദ്യാർത്ഥികളാണ്.
20-നാണ് ദഷ്രിതയും ഒരു ആണ്‍കുട്ടിയും റിസോര്‍ട്ടിലെത്തിയത്. മറ്റുള്ളവര്‍ 17 മുതല്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ജന്മദിനാഘോഷത്തിനെത്തിയെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും വായില്‍ നിന്നു നുരയും പതയും വരികയും ചെയ്തു. സഹപാഠികള്‍ റിസോര്‍ട്ട് ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തില്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സഹപാഠികളായ ഏഴു പേരെയും വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പെണ്‍കുട്ടിയുടെയും കൂടെയുണ്ടായിരുന്നവരുടെയും രക്ഷാകര്‍ത്താക്കളെ പോലീസ് വിവരമറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ മാത്രം വിശ്വസിച്ച് നിയമ നടപടികളിലേക്ക് കടക്കാനാവില്ലെന്നും വീട്ടുകാരുടെ മൊഴികള്‍ കൂടി കേള്‍ക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. മിഷന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയയ്ക്കും.
റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ചിരുന്ന മുറികള്‍ പോലീസ് സീല്‍ ചെയ്ത് കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: