ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ക്ക് ദല്‍ഹിയിലെ മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ അധികാരം നല്കുന്ന ദല്‍ഹി ബില്‍ ലോക്സഭ തിങ്കളാഴ്ച പാസാക്കി. ദല്‍ഹി മുഖ്യമന്ത്രിയായ കെജ് രിവാളിന് ദല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ തിരിച്ചടിയാകും. രാജ്യസഭ കൂടി പാസാക്കിയാല്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരും.
മൂന്ന് വര്‍ഷം മുമ്പ് ദല്‍ഹിയിലെ ലഫ്. ഗവര്‍ണറും മുഖ്യമന്ത്രി കെജ് രിവാളും തമ്മില്‍ നിരന്തരം അധികാരവടംവലി നടന്നിരുന്നു. അന്ന് ഈ പ്രശ്നത്തില്‍ സുപ്രിംകോടതിയ്ക്ക് ഇടപെടേണ്ടി വന്നു. ദല്‍ഹി മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിക്കണമെന്നും പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു.
എന്നാല്‍ പുതിയ ബില്‍ ദല്‍ഹി സര്‍ക്കാരിന്റെയും ഗവര്‍ണ്ണറുടെയും ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്വ്വചിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പുതിയ ബില്‍ അനുസരിച്ച് ദല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ലഫ്. ഗവര്‍ണറുടെ അഭിപ്രായം ആരായണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: